യാത്രക്കാരെ ശ്വാസംമുട്ടിച്ച് എറണാകുളം-ആലപ്പുഴ യാത്ര

Friday 02 January 2026 11:46 PM IST

ആലപ്പുഴ : ട്രെയിനുകളുടെ എണ്ണക്കുറവും ഉള്ള ട്രെയിനുകൾക്ക് എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പില്ലാത്തതും തീരദേശപാതയിലെ യാത്രക്കാരുടെ വൈകിട്ടത്തെ യാത്ര ദുരിതപൂർണമാക്കുന്നു. വന്ദേഭാരതിനായി മറ്റ് ട്രെയിനുകളുടെ സമയം മാറ്റിയതും പലേടത്തും പിടിച്ചിടുന്നതും സ്ഥിരംയാത്രക്കാർ വീട്ടിലെത്തുന്നത് ഏറെ വൈകാനിടയാക്കുന്നു.

വൈകിട്ട് എറണാകുളത്തുനിന്ന് ആലപ്പുഴക്കുള്ള ആദ്യ ട്രെയിൻ നാലുമണിയുടെ പാസഞ്ചറാണ്. ഇത് 5.30ന് ആലപ്പുഴയിൽ എത്തും. എം.ജി.ആർ ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസിനായി ഈ ട്രെയിൻ പത്തുമിനിട്ടോളം കുമ്പളത്ത് പിടിച്ചിടും. 5.30ന് മുമ്പ് ഈ ട്രെയിൻ ആലപ്പുഴയിൽ എത്തിയില്ലെങ്കിൽ ഇതിലെത്തുന്നവർക്ക് 5.35ന് പുറപ്പെടുന്ന ആലപ്പുഴ - കൊല്ലം മെമു കിട്ടാതെവരും.

എറണാകുളം-ആലപ്പുഴ പാസഞ്ചർ നാലുമണിക്ക് പോകുന്നതിനാൽ കോളേജ് വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഇതിൽ യാത്ര സാദ്ധ്യമല്ല. പിന്നീടുള്ളത് 4.20ന് എറണാകുളത്തെത്തുന്ന ഏറനാട് എക്‌സ്‌പ്രസാണ്. ഈ ട്രെയിനിന് കുമ്പളം, വയലാർ, തിരുവിഴ, മാരാരിക്കുളം, കലവൂർ, തുമ്പോളി എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പില്ലാത്തതിനാൽ ഭൂരിഭാഗം പേർക്കും ആശ്രയിക്കാനാവില്ല. 21 കോച്ചുകളുള്ള ട്രെയിനിൽ 13 ജനറൽ കോച്ചുകളുണ്ടെങ്കിലും വൻതിരക്കാണ്.

സമയംമാറ്റിയിട്ടും തുടരുന്ന ദുരിതം

 4.20ന് ഏറനാട് പോയാൽ 5.25ന്റെ ജനശതാബ്ദിയാണ് അടുത്തത്. ഇതിൽ ജനറൽകോച്ചുകളില്ല പിന്നെ ആശ്രയം 6.25ന്റെ എറണാകുളം- കായംകുളം പാസഞ്ചറാണ്

 മുമ്പ് വൈകിട്ട് ആറിന് പുറപ്പെട്ടിരുന്ന ട്രെയിൻ 30 മിനിറ്റിലധികമാണ് വന്ദേഭാരത് കടന്നുപോകുന്നതിന് കുമ്പളത്ത് പിടിച്ചിട്ടിരുന്നത്

 പിന്നീട് ട്രെയിനിന്റെ സമയം 6.25നാക്കി. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കം രണ്ടായിരത്തോളം പേരാണ് ഇതിൽ ദിവസവും യാത്രചെയ്യുന്നത്

 സമയം മാറ്റിയെങ്കിലും വന്ദേഭാരത് കടന്നുപോകുന്നതിനായി 40 മിനിട്ടോളം കുമ്പളത്തും തുറവൂരുമായി ട്രെയിൻ പിടിച്ചിടുന്ന അവസ്ഥ ഇപ്പോഴുമുണ്ട്

 മുമ്പ് 8.20ന് കായംകുളത്ത് എത്തിയിരുന്ന ട്രെയിൻ ഇപ്പോൾ 9.30നാണെത്തുന്നത്. തിങ്ങിനിറഞ്ഞ് ശ്വാസം കിട്ടാതെ യാത്രക്കാർ ട്രെയിനിൽ കുഴഞ്ഞുവീഴാറുണ്ട്

വളരെക്കാലമായി തുടരുന്ന അവഗണനയ്ക്ക് പരിഹാരം കാണാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണം. ട്രെയിനുകൾ ഇല്ലാത്തതുമൂലം ഏറെ വൈകിയാണ് യാത്രക്കാർ വീടുകളിലെത്തുന്നത്

- ബിന്ദു വയലാർ, ഫ്രണ്ട്‌സ് ഓൺ റെയിൽവേ , ആലപ്പുഴ ജില്ലാ പ്രസിഡന്റ്