രാഹുലിന് തിരിച്ചടിയായി സർവേ ഫലം; കർണാടക ജനതയ്ക്ക് ഇ.വി.എമ്മിൽ വിശ്വാസം

Saturday 03 January 2026 12:01 AM IST

 85 ശതമാനം പേർക്കും വിശ്വാസം

 പരിഹസിച്ച് കോൺഗ്രസ്

ബംഗളൂരു: വോട്ട് കൊള്ള ആരോപണം ഉന്നയിച്ച കോൺഗ്രസിന് തിരിച്ചടിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇ.വി.എം) വിശ്വാസമർപ്പിച്ച് ജനം. കർണാടക ​പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന് കീഴിലുള്ള ഏജൻസി നടത്തിയ സർവേയിലാണ് 85 ശതമാനം പേരും ഇ.വി.എമ്മിൽ വിശ്വാസമർപ്പിച്ചത്.

ഇതോടെ ഇ.വി.എമ്മിലും തിരഞ്ഞെടുപ്പ് നടപടിയിലും കടുത്ത ആരോപണമുന്നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് ബി.ജെപി രംഗത്തെത്തി. ഇ.വി.എം അട്ടിമറിയിലൂടെ വോട്ടുമോഷണം നടക്കുന്നുയെന്ന രാഹുലിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയാണിതെന്ന് ബി.ജെ.പി നേതാവ് ആർ. അശോക് പ്രതികരിച്ചു.

2024 ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് സർവേയിൽ ചോദിച്ചത്.

ബംഗളൂരു, ബെലഗാവി, കലബുറഗി, മൈസൂരു തുടങ്ങി 102 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള 5,100 പേരാണ് സർവേയിൽ പങ്കെടുത്തത്.

കോൺഗ്രസിന്റെ 'വോട്ട് ചോരി" വീണ്ടും തുറന്നുകാട്ടപ്പെട്ടു. സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നത് രാജ്യത്തെ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തമായും നടക്കുന്നുവെന്നാണ്

- ബി.വൈ വിജയേന്ദ്ര

ബി.ജെ.പി നേതാവ്

ഇത് കർണാടക സർക്കാരിന്റെ സർവേയല്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സി.ഇ.ഒ നടത്തിയ സർവേ ഒരു സർക്കാർ ഏജൻസി പ്രസിദ്ധീകരിച്ചു എന്നേയുള്ളു. അലന്ദ് മണ്ഡലത്തിലെ വോട്ട് മോഷണത്തെക്കുറിച്ചുള്ള ആരോപണങ്ങളിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നു

-പ്രിയങ്ക് ഖാർഗെ

കർണാടക മന്ത്രി