ലൈംഗിക പീഡനവും റാഗിംഗും; ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

Saturday 03 January 2026 12:02 AM IST

 പിന്നിൽ പ്രൊഫസറും സീനിയർ വിദ്യാർത്ഥിനികളും

ഷിംല: കോളേജ് ക്യാമ്പസിൽ ലൈംഗിക പീഡനത്തിനും റാഗിംഗിനുമിരയായ 19കാരി ചികിത്സയിലിരിക്കെ മരിച്ചു. ഹിമാചൽ പ്രദേശിലാണ് സംഭവം. ധർമ്മശാലയിലെ സർക്കാർ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ചത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ മൂന്ന് സീനിയർ വിദ്യാർത്ഥിനികൾക്കെതിരെയും പ്രൊഫസർക്കെതിരെയും പൊലീസ് കേസെടുത്തു.

കഴിഞ്ഞ സെപ്തംബർ 18ന് സീനിയർ വിദ്യാർത്ഥിനികളായ ഹർഷിത, ആകൃതി, കൊമോളിക എന്നിവർ പെൺകുട്ടിയെ ക്രൂരമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കോളേജ് പ്രൊഫസർ അശോക് കുമാർ ലൈംഗികമായി ഉപദ്രവിച്ചു. സംഭവങ്ങളെത്തുടർന്ന് തന്റെ മകൾ കടുത്ത മാനസിക സമ്മർദ്ദത്തിലും ഭയത്തിലുമായിരുന്നെന്നും ഇത് അവളുടെ ആരോഗ്യത്തെ ബാധിച്ചെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു. അവശനിലയിലായതോടെ പെൺകുട്ടിയുമായി കുടുംബം ഒന്നിലധികം ആശുപത്രികളിൽ ചികിത്സ തേടി. വിദഗ്ദ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് (ഡി.എം.സി) മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഡിസംബർ 26ന് മരിച്ചു. സംഭവം വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ പെൺകുട്ടി മുമ്പ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് കാംഗ്ര എസ്.പി അശോക് രത്തൻ പറഞ്ഞു.