ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്താൻ 'മൊബൈൽ സ്‌കാനിംഗ് '; നാണംകെട്ട് പൊലീസ്

Saturday 03 January 2026 12:36 AM IST

ന്യൂ‌ഡൽഹി: ഉത്ത‌ർപ്രദേശ് ഗാസിയാബാദിൽ ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്താൻ 'മൊബൈൽ സ്‌കാനിംഗ്' നടത്തിയത് വൻവിവാദമായതോടെ നാണംകെട്ട് പൊലീസ്. നിയമവിരുദ്ധ കുടിയേറ്രക്കാരാണോയെന്ന് കണ്ടെത്താൻ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്‌കാൻ ചെയ്യുന്നതും പൊലീസ് നടപടിയെ നാട്ടുകാർ ചോദ്യം ചെയ്യുന്നതുമടങ്ങിയ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലടക്കം വൈറലായിരുന്നു. ഇതിനു പിന്നാലെ, സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഗാസിയാബാദ് എ.സി.പിക്കാണ് അന്വേഷണച്ചുമതല. ദൃശ്യങ്ങളിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ഉന്നത ഉദ്യോഗസ്ഥർ കർശന താക്കീത് നൽകിയെന്നാണ് സൂചന.

കഴിഞ്ഞ ഡിസംബ‌ർ 23ന് ഗാസിയാബാദിലെ ചേരിപ്രദേശത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ, അവിടെ താമസിക്കുന്നവരുടെ ശരീരത്തിൽ മൊബൈൽ ഫോൺ വച്ചു. ചിലർ ഇന്ത്യക്കാരല്ലെന്ന് പറഞ്ഞു. തങ്ങൾ ബീഹാർ സ്വദേശികളാണെന്ന് ചിലർ മറുപടി നൽകി. കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ചേരികളിൽ ഇത്തരം പരിശോധന നടത്താറുണ്ടെന്നും പതിവു പോലെയുള്ള വെരിഫിക്കേഷൻ മാത്രമാണിതെന്നും ഗാസിയാബാദ് പൊലീസ് കമ്മിഷണർ വിശദീകരിച്ചു.