ബംഗ്ലാദേശിലെ ആൾക്കൂട്ട ആക്രമണം: പൊള്ളലേറ്റ ഹിന്ദു വ്യാപാരിയുടെ നില ഗുരുതരം

Saturday 03 January 2026 7:30 AM IST

ധാക്ക: ബംഗ്ലാദേശിൽ ആൾക്കൂട്ടം തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഹിന്ദു വ്യാപാരിയുടെ നില ഗുരുതരമായി തുടരുന്നു. ബുധനാഴ്ച രാത്രി ഷരിയത്‌പ്പൂരിലാണ് ഖോകോൻ ദാസ് (50) എന്ന മെഡിക്കൽ ഷോപ്പ് ഉടമ ആക്രമിക്കപ്പെട്ടത്. അക്രമികൾ ദാസിന്റെ വയറ്റിൽ കത്തിക്കൊണ്ട് കുത്തുകയും ശേഷം ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഓടി അടുത്തുള്ള കുളത്തിലേക്ക് ചാടിയ ദാസിനെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ദാസിന്റെ തലയിലും മുഖത്തും കൈകളിലുമായി 30 ശതമാനം പൊള്ളലേറ്റെന്നും ആഴത്തിൽ കുത്തേറ്റിട്ടുണ്ടെന്നും ധാക്ക മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞു. അക്രമികളിൽ രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവരുൾപ്പെടെ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. മത ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അധികൃതർ തടയുന്നില്ലെന്ന് കാട്ടി രാജ്യത്തെ വിവിധ സംഘടനകൾ പ്രതിഷേധം ശക്തമാക്കി.