'25000 കൊടുത്താൽ ബീഹാറിൽ നിന്ന് പെൺകുട്ടിയെ കൊണ്ടുവരാം'; വിവാദമായി മന്ത്രിയുടെ ഭർത്താവിന്റെ പ്രസംഗം
ഡെറാഡൂൺ: ഉത്തരാഖണ്ഡ് വനിതാ ശിശു വികസന മന്ത്രി രേഖ ആര്യയുടെ ഭർത്താവ് ശിർധാരി ലാൽ സാഹുവിന്റെ പരാമർശം വിവാദത്തിൽ. പണം കൊടുത്താൽ വിവാഹം കഴിക്കാൻ പെൺകുട്ടികളെ ലഭിക്കുമെന്നാണ് മന്ത്രിയുടെ ഭർത്താവ് പറഞ്ഞത്. ഇത് രാഷ്ട്രീയ സാമൂഹിക തലത്തിൽ വൻചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസം അൽമോറയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ഗിർധാരി ലാൽ ഈ പരാമർശം നടത്തിയതെന്നാണ് വിവരം. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വയസുകാലത്ത് നിങ്ങൾ വിവാഹം കഴിക്കുമോ? പറ്റില്ലെങ്കിൽ ബീഹാറിൽ നിന്ന് ഒരു പെൺകുട്ടിയെ കൊണ്ടുവരാം. അവിടെ 20,000 മുതൽ 25,000 രൂപയ്ക്ക് കിട്ടും. എന്റെ കൂടെ വരൂ, നിങ്ങൾക്ക് വിവാഹം കഴിപ്പിച്ചുതരാമെന്നാണ് ഗിർധാരി ലാൽ പറയുന്നത്. സംഭവം വിവാദമായതോടെ ഗിർധാരി ലാൽ മാപ്പ് പറഞ്ഞു. തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്നും ഒരു സുഹൃത്തിന്റെ വിവാഹത്തെക്കുറിച്ചാണ് പറഞ്ഞതെന്നും ഗിർധാരി ലാൽ വിശദീകരിച്ചു. താൻ പറഞ്ഞ കാര്യങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർർത്തു.
ബിജെപിക്ക് ഗിർധാരി ലാലുമായി യാതൊരു ബന്ധവുമില്ലെന്നും സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം ചിന്തകളെയും പ്രസ്താവനകളെയും ശക്തമായി അപലപിക്കുന്നുവെന്നും ബിജെപി നേതാവ് മൻവീർ സിംഗ് ചൗഹാൻ വ്യക്തമാക്കി. എന്നാൽ, ഇന്ത്യയിലെ സ്ത്രീകളെ ഗുരുതരമായി അപമാനിക്കുന്നതാണിതെന്നും വിവാദത്തിൽ ബിജെപി മാപ്പുപറയണമെന്നും ഉത്തരാഖണ്ഡ് കോൺഗ്രസ് അദ്ധ്യക്ഷൻ ഗണേഷ് ഗോദിയാൽ ആവശ്യപ്പെട്ടു.
ഭാര്യ തന്നെ വനിതാ-ശിശു വികസന മന്ത്രിയായിരിക്കെ ഇത്തരം വാക്കുകൾ പറയുന്നത് ലജ്ജാകരമാണെന്ന് കോൺഗ്രസ് മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ ജ്യോതി റൗട്ടേലയും പ്രതികരിച്ചു. അതേസമയം, സംഭവത്തിൽ ഗിർധാരി ലാലിന് നോട്ടീസ് നൽകുമെന്ന് ബീഹാർ സംസ്ഥാന വനിതാ കമ്മീഷൻ അറിയിച്ചു.