ക്ഷേത്ര ഗോപുരത്തിൽ കയറിനിന്ന് യുവാവ്; താഴെയിറങ്ങണമെങ്കിൽ ക്വാർട്ടർ കുപ്പി വേണം; ഒടുവിൽ സമ്മതിച്ച് ഭാരവാഹികൾ

Saturday 03 January 2026 12:18 PM IST

അമരാവതി: മദ്യപിച്ച് ലക്കുകെട്ട് ക്ഷേത്രത്തിന്റെ മുകളിൽ കയറിനിന്ന് ഭീഷണി മുഴക്കി യുവാവ്. ആന്ധ്രാപ്രദേശ് തിരുപ്പതിയിലെ പ്രശസ്തമായ ശ്രീ ഗോവിന്ദരാജസ്വാമി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് അകത്തുകടന്ന ഇയാൾ ക്ഷേത്രത്തിന്റെ മുകളിൽ കയറുകയായിരുന്നു.

തെലങ്കാന നിസാമബാദ് ജില്ലയിലെ പേഡമല്ല റെഡ്ഡി കോളനിയിലെ കുട്ടാഡി തിരുപ്പതി (45) ആണ് ക്ഷേത്രത്തിനുള്ളിൽ കോലാഹലമുണ്ടാക്കിയത്. ക്ഷേത്രത്തിന്റെ ഗോപുരത്തിൽ കയറിയ യുവാവ് തുടർന്ന് കുംഭത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം ക്ഷേത്ര ഭാരവാഹികളുടെയും ഭക്തരുടെയും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർ പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിക്കുകയായിരുന്നു. മറ്റ് ഭക്തരുടെയൊപ്പം അകത്തുകടന്ന ഇയാൾ അവിടെയുണ്ടായിരുന്ന കമ്പികൾ ഉപയോഗിച്ച് ഗോപുരത്തിൽ കയറുകയായിരുന്നു.

തുടർന്ന് താഴെയിറങ്ങണമെങ്കിൽ ഒരു ക്വാർട്ടർ മദ്യം വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ക്ഷേത്രഭാരവാഹികൾ ഇത് സമ്മതിച്ചതോടെയാണ് കുട്ടാഡി താഴെയിറങ്ങിയത്. പിന്നാലെ പൊലീസ് ഇയാളെ തിരുപ്പതി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിന് അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് തിരുപ്പതി ഈസ്റ്റ് ഡിഎസ്പി എം ഭക്തവത്സലം നായിഡു പറഞ്ഞു.