കേരളത്തിൽ ഹരിശ്രീ കുറിച്ച് ഹം പാർട്ടി. കൂട്ടായി ജെ.എസ്.എസ്. ഘടകവും
കേരള രാഷ്ട്രീയം കാലങ്ങളോളം ഇടതു, വലതു| ധ്രുവങ്ങൾക്ക് ചുറ്റും വലംവയ്ക്കുകയായിരുന്നു. ഒരു ഭാഗത്ത് കോൺഗ്രസും മറുഭാഗത്ത് സി.പി.എമ്മും. പ്രാദേശിക പാർട്ടികൾ ഛിന്നഗ്രഹങ്ങളെപ്പോലെ ഈ മുന്നണികളെ ഭ്രമണം ചെയ്തു. ഈ സന്ദർഭത്തിലേക്കാണ് ബദൽ നയപരിപാടികളുമായി എൻ.ഡി.എ കടന്നു വന്നത്; സാവകാശമെങ്കിലും ചുവടുറപ്പിക്കുകയും ചെയ്തു. അതേസമയം ഉത്തരേന്ത്യയിൽ പ്രവർത്തിക്കുന്ന പല പാർട്ടികളും കേരളത്തിൽ പലപ്പോഴായി യൂണിറ്റുകൾ ഉണ്ടാക്കിയെങ്കിലും നിലം തൊടാൻ കഴിഞ്ഞിട്ടില്ല. അവിടെ വ്യത്യസ്തമാവുകയാണ് കേരളത്തിൽ ഹരിശ്രീ കുറിയ്ക്കുന്ന 'ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ)" എന്ന 'ഹം പാർട്ടി"; ദേശീയ തലത്തിൽ എൻ.ഡി.എയുടെ സഖ്യകക്ഷി. പുത്തൻ ആശയങ്ങളും നയപരിപാടികളുമായാണ് കേന്ദ്രമന്ത്രിയും ബിഹാർ മുൻ മുഖ്യമന്ത്രിയായ ജിതൻ റാം മാഞ്ചി നയിക്കുന്ന ഹം പാർട്ടിയുടെ കേരളത്തിലെ രംഗപ്രവേശം. പ്രവർത്തിക്കാൻ തട്ടകമൊരുക്കിത്തന്നെയാണ് വരവ്. പ്രമുഖ നേതാവും മുൻ എം.എൽ.എയുമായ എ.വി.താമരാക്ഷൻ നയിക്കുന്ന ജെ.എസ്.എസ് ഘടകം ഹം പാർട്ടിയിൽ ലയിച്ചു കഴിഞ്ഞു. മുൻ എം.എൽ.എ മാത്യു സ്റ്റീഫനും റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യയും ഹം പാർട്ടിയുടെ പാളയത്തിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്തുന്നതിനൊപ്പം ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള വികസനത്തിന് തുടക്കം കുറിയ്ക്കുകയുമാണ് പാർട്ടിയുടെ ലക്ഷ്യം. അതിനുള്ള ആസൂത്രണങ്ങളെല്ലാം പൂർത്തിയായതായി കേരളത്തിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ദേശീയ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി സുബീഷ് വാസുദേവ് സാക്ഷ്യപ്പെടുത്തുന്നു. 'സമത്വം, മതേതരത്വം, യുവജന ശാക്തീകരണം, സ്ത്രീ ശാക്തീകരണം എന്നിവയാണ് സംഘടനയുടെ മുദ്രാവാക്യങ്ങൾ. മറ്റ് ഹിഡൻ അജൻഡകളൊന്നുമില്ല.
വീട്ടമ്മമാർക്ക് കൈത്താങ്ങ്, യുവാക്കൾക്കും ഓരോ വാർഡിലും വനിതകളുടെ ക്ലസ്റ്ററുകൾ. അവിടെ നിന്ന് രാജ്യാന്തര നിലവാരമുളള ഓരോ ഉത്പന്നം. പത്തു വീടുകൾ ചേർത്ത് ഒരു വനിതാ യൂണിറ്റ്. ഇത്തരം ക്ലസ്റ്ററുകൾ ബിഹാറിലടക്കം വിജയകരമാക്കിയതാണ്. കയറ്റുമതി മികവുള്ള ഉത്പന്നങ്ങളാണ് നിർമ്മിക്കേണ്ടത്. ഉദാഹരണത്തിന്, തയ്യൽ യൂണിറ്റുകൾ. ഓരോ വാർഡിലും തയ്യൽ അറിയാവുന്ന സ്ത്രീകളുണ്ട്. അവർക്ക് ആധുനിക മെഷീൻ നൽകാൻ ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ അടക്കം സ്കീമുകളുണ്ട്. കോർപറേറ്റ് സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് അവയ്ക്ക് വിപണി കണ്ടെത്തണം. ഉദ്പാദനക്ഷമതയിൽ ചൈനയെ മാതൃകയാക്കാവുന്നതാണ്. കുടിൽ വ്യവസായങ്ങളിൽ ടെക്നോളജി സംയോജിപ്പിച്ച് ചൈന മികവു കാട്ടുന്നു. അത്തരമൊരു പ്രവർത്തന പരിപാടിയാണ് ഹം പാർട്ടി കേരളത്തിൽ നടപ്പാക്കുക. രണ്ടു മാസം കൊണ്ട് അതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കും. ഹം പാർട്ടിയുടെ സൊസൈറ്റി സംവിധാനങ്ങൾ അതിന് പ്രയോജനപ്പെടുത്തും. തൊഴിൽ ഇല്ലാത്ത വനിതകൾക്ക് മാസവരുമാനമാണ് ലക്ഷ്യം.കേരളത്തിൽ നിലവിലുള്ള വനിതാ സംഘങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്തതാണ് ന്യൂനതയെന്ന് സുബീഷ് പറയുന്നു. അവർ ലോണുകളുടെ തടവറയിലായിരിക്കും. രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങൾക്ക് ആളെ കൂട്ടാൻ നിർബന്ധിതരാകും. അല്ലെങ്കിൽ ഭീഷണി നേരിടേണ്ടി വരും. ഇതിൽ നിന്ന് വ്യത്യസ്തമായി, ഹം പാർട്ടി പിൻതുണയ്ക്കുന്ന ക്ലസ്റ്ററുകൾ ഉന്നമനത്തിലും ഉത്പാദനക്ഷമതയിലും അധിഷ്ഠിതമായിരിക്കും. കേരളത്തിലെ യുവതലമുറ ആശയക്കുഴപ്പത്തിലാണ്. അവർക്ക് ഇവിടെ തൊഴിൽ അവസരങ്ങളില്ല. പഠിച്ചു കഴിഞ്ഞാൽ എന്തു ചെയ്യണമെന്നറിയില്ല. പുതിയ സംരംഭത്തിന് സാദ്ധ്യതയില്ല. തുടങ്ങിയാൽ എങ്ങനെ വിജയിപ്പിക്കുമെന്നറിയില്ല. ഇതിന് സർക്കാർ തലത്തിൽ പ്ലാനുകളോ പദ്ധതികളോ ഇല്ല. അതിന്റെ ഫലമായി യുവജനങ്ങൾ കാനഡ, ആസ്ത്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറുകയണ്. സംസ്ഥാനത്ത് കുടുംബങ്ങളിൽ ക്രിസ്മസ് ആഘോഷിക്കാൻ കുട്ടികളില്ല. എല്ലാവരും പ്രവാസ ജീവിതത്തിന് നിർബന്ധിതരാകുന്നു. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം വേണം. അതിനാൽ യുവജനങ്ങൾക്കായി പ്രത്യേക തൊഴിൽ അധിഷ്ഠിത പരിപാടികളും ഹം പാർട്ടി ലക്ഷ്യമിടുന്നു.
പാർട്ടിയെ കെട്ടിപ്പടുക്കാൻ കേരളത്തിലുടനീളം സംഘടനാ തലത്തിൽ സാന്നിദ്ധ്യമുറപ്പിക്കാനുള്ള കർമ്മപരിപാടികൾ അതിദ്രുതം ആവിഷ്കരിച്ചിരിക്കുകയാണ് ഹിന്ദുസ്ഥാനി അവാം മോർച്ച(സെക്കുലർ). നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിൽ എൻ.ഡി.എ പിൻതുണയോടെ മത്സരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തനം ഊർജിതമാക്കുമെന്ന് സുബീഷ് വാസുദേവ് പറഞ്ഞു. ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെ സംസ്ഥാനതല വാഹനപ്രചാരണ ജാഥ സംഘടിപ്പിക്കും. കാസർകോട് നിന്ന് ആരംഭിക്കുന്ന ജാഥ പാർട്ടി ദേശീയ പ്രസിഡന്റും ബിഹാർ മന്ത്രിയുമായ സന്തോഷ്കുമാർ സുമൻ ഉദ്ഘാടനം ചെയ്യും. ജാഥ കോഴിക്കോട് എത്തുമ്പോൾ മതേതര സമ്മേളനവും തൃശൂരിൽ സമത്വ സമ്മേളനവും കോട്ടയത്ത് യുവജന ശാക്തീകരണ സമ്മേളനവും തിരുവനന്തപുരത്ത് സ്ത്രീ ശാക്തീകരണ സമ്മേളനവും നടത്തും. സമാപന സമ്മേളനം കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിലും മീഡിയാ സെൽ സജ്ജമാക്കിയാണ് പ്രചാരണപരിപാടികൾ. അഴിമതിരഹിത ഭരണമാണ് അവാം മോർച്ചയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് നാഷണൽ ചീഫ് ജനറൽ സെക്രട്ടറി രാജേഷ്കുമാർ പാണ്ഡേ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ അഴിമതികൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഇതിനൊരു ബദലാകും എൻ.ഡി.എയുടെ മുന്നേറ്റം. തൊഴിലില്ലായ്മയാണ് കേരളം നേരിടുന്ന മറ്രൊരു പ്രശ്നം. സർക്കാർ മേഖലയിലെ ഒഴിവുകൾ നികത്തണമെന്ന ആവശ്യത്തിന് മുൻഗണന നൽകിയാകും കേരളത്തിലെ പ്രചാരണമെന്നും രാജേഷ്കുമാർ വ്യക്തമാക്കി. ഹം പാർട്ടിയുടെ സംഘടനാ സംവിധാനം ഈ മാസം തന്നെ സജ്ജമാക്കും. തിരുവനന്തപുരത്തായിരിക്കും പാർട്ടിയുടെ കേരളത്തിലെ ആസ്ഥാനം. ജനുവരി 10നകം നിയോജകമണ്ഡലം കമ്മിറ്റികളും നിലവിൽവരും. വലിയ സർപ്രൈസുകൾ വരും ദിനങ്ങളിൽ ഉണ്ടാകുമെന്നാണ് ദേശീയ ഭരവാഹികളുടെ വെളിപ്പെടുത്തൽ. കേരള രാഷ്ട്രീയത്തിൽ ഞെട്ടലുണ്ടാക്കുന്ന സംഭവങ്ങൾ തന്നെയാകും അത്. നിലവിലെ ഏതാനും എം.എൽ.എമാർ 'ഹം' പാർട്ടിയ്ക്കൊപ്പം ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്. നിയമസഭയിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങൾ അല്ലാത്ത മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ നിറുത്താൻ ഉദ്ദ്യേശിക്കുന്നത്. എൻ.ഡി.എയിൽ ചർച്ച നടത്തിയാകും അന്തിമ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്വതന്ത്രരെ നിറുത്തിയിരുന്നു. എട്ടു പേരെ വിജിപ്പിക്കാനുമായി. പ്രത്യയശാസ്ത്രങ്ങൾക്ക് അതീതമാണ് ഹം പാർട്ടി. അതിനാൽ ഏത് ആശയമുള്ളവർക്കും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള വേദിയാണിത്. ആർക്കും കടന്നുവരാനാകും. കേരളത്തിലെ ഭൂരിപക്ഷ, പിന്നാക്ക സമുദായങ്ങളുമായി കൈകോർക്കുന്നതിനൊപ്പം ന്യൂനപക്ഷങ്ങൾക്ക് കൈത്താങ്ങാകാനും പാർട്ടി പ്രതിജ്ഞാബദ്ധമാണ്. നിലവിൽ പല ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരും പിൻതുണ അറിയിച്ചുകഴിഞ്ഞു. ലയനസമ്മേളനത്തിൽ അവർ പങ്കെടുക്കുകയും ചെയ്തു. മലബാർ മേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുസ്ലീം സംഘടനാ നേതാക്കളുമായി പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ ധാരണയിലെത്തും. പാർട്ടിയുടെ പേരിലുള്ള 'സെക്കുലർ' അന്വർത്ഥമാക്കുന്ന വിധമാകും പ്രവർത്തനം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടവും ജാതീയതയാണ് അനുവർത്തിക്കുന്നതെന്ന് സുബീഷ് അഭിപ്രായപ്പെട്ടു. നേരത്തേ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ചു. ശബരിമല വിഷയമടക്കം വന്നപ്പോൾ ഭൂരിപക്ഷ വിഭാഗത്തിലെ ചില സമുദായങ്ങളെ പരീണിപ്പിക്കാനായി സർക്കാരിന്റെ ശ്രമം. ഇതിൽ നിന്ന് വ്യത്യസ്തമായി, കലർപ്പില്ലാത്ത, ജാതിമതഭേദമില്ലാത്ത പ്രവർത്തനമാകും ഹം പാർട്ടി കാഴ്ചവയ്ക്കുക. ഇതോടൊപ്പം കർഷകരുടേയും ആദിവാസികളുടേയും പാർശ്വവത്ക്കരിക്കപ്പെട്ടവരുടേയും അവകാശങ്ങൾക്കായി യത്നിക്കും. വന്യമൃഗശല്യം നിയന്ത്രിക്കുന്നതിന് കർമ്മപദ്ധതികൾ തയാറാക്കുന്നതിനായി കേന്ദ്ര വനം മന്ത്രിയുമായി പാർട്ടി ആദ്യവട്ട ചർച്ചകൾ നടത്തിയിട്ടുണ്ട്. ചരിത്രമായ ലയനസമ്മേളനം കേരളത്തിലേക്ക് ഒരു പാർട്ടി കടന്നുവരുമ്പോൾ തന്നെ അതിലേക്ക് ലയിക്കാൻ പ്രധാന നേതാക്കളടക്കം സന്നദ്ധരാകുന്നത് ചരിത്രത്തിൽ ഇതാദ്യാമാണ്. കൊച്ചിയിൽ ഡിസംബർ 18ന് നടന്ന പ്രൗഢമായ ലയനസമ്മേളനത്തിലാണ് പ്രൊഫ. എ. വി. താമരാക്ഷൻ നേതൃത്വം നൽകുന്ന ജെ.എസ്.എസും കേരള കോൺഗ്രസ് നേതാവും മുൻ എം.എൽ.എയു മായ മാത്യു സ്റ്റീഫൻ, റിപ്പബ്ലിക്ക് പാർട്ടി ഒഫ് ഇന്ത്യ നേതാവ് ഷെറീഫ് ബാബു എന്നിവരുടെ നേതൃത്വത്തിലുളള ഘടകവും ഹം പാർട്ടിയിൽ ലയിച്ചത്. ലയന സമ്മേളനം സന്തോഷ്കുമാർ സുമൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.കൂടുതൽ രാഷ്ട്രീയ ഘടകങ്ങൾ വരും ദിനങ്ങളിൽ 'ഹം' പാർട്ടിയിൽ ലയിക്കുമെന്ന് ദേശീയ ഭാരവാഹികൾ അറിയിച്ചു. മതേതരത്വമെന്ന സന്ദേശം വിളിച്ചോതി ഹൈന്ദവ സന്ന്യാസിമാരും ബിഷപ്പുമാരും പങ്കെടുത്തു. എസ്.എസ്.ഡി മൂകാംബിക ട്രസ്റ്റിലെ സ്വാമി നിത്യ ചൈതന്യയതി, ആർച്ച് ബിഷപ്പ് ഡോ.ബാബു ജോർജ്, ബിഷപ്പ് കേസരി (ബിഷപ് കൗൺസിൽ ഒഫ് ഇന്ത്യ), ബിഷപ്പ് ബെസേലിയോസ് മാർത്തോമാ യാക്കോബ് പ്രഥമൻ, ബിഷപ്പ് മാർലിയോസ് യോഹന്നാൻ കുര്യാക്കോസ്, സണ്ണി ആലപ്പാട്ട്, ഡോ. മാർക്കസ് സൈമൺ പള്ളിക്കുന്ന്, ബിഷപ്പ് സണ്ണി അബ്രാഹം, ബിഷപ്പ് ജോൺ ബെർത്തലോമിയോസ് തുടങ്ങിയവരുടെ സാന്നിദ്ധ്യമുണ്ടായി.കർണാടക, തമിഴ്നാട്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പാർട്ടി വിപുലപ്പെടുത്താനാണ് ദേശീയ അദ്ധ്യക്ഷന്റെ നിർദ്ദേശം. തമിഴ്നാട്ടിലും ലയനസമ്മേളനങ്ങൾ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. സാധാരണക്കാരുടെ രാഷ്ട്രീയ വേദിയായിട്ടായിരിക്കും സംസ്ഥാനതലങ്ങളിലും ഹിന്ദുസ്ഥാനി അവാം മോർച്ച(സെക്കുലർ) പ്രവർത്തിക്കുക.
ഹിന്ദുസ്ഥാനി അവാം മോർച്ച ബീഹാറിലെ രാഷ്ട്രീയഭൂമികയിൽ സജീവമായ പാർട്ടിയാണ് ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) എന്ന ഹം പാർട്ടി. ബിഹാറിൽ 2015ൽ രൂപം കൊണ്ട പാർട്ടി ഇപ്പോൾ പത്താം വയസിലാണ്. എൻ.ഡി.എയുടെവിശ്വസ്ത പങ്കാളിയായ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം 'ചീനച്ചട്ടി'യാണ്. ബീഹാർ രാഷ്ട്രീയ പ്രതിസന്ധിയെത്തുടർന്ന് ജനതാദൾ (യുണൈറ്റഡ്) വിട്ട മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി 18 അനുയായികൾക്കൊപ്പമാണ് 2015 മേയ് 8ന് ഈ പാർട്ടി രൂപീകരിച്ചത്. ജൂണിൽ പേരിനൊപ്പം 'സെക്കുലർ' എന്ന് കൂടി ചേർത്തു. ജൂലൈയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയെ അംഗീകരിച്ചു. നിയമസഭാ കൗൺസിൽ അംഗവും ജിതൻ റാം മാഞ്ചിയുടെ മകനുമായ സന്തോഷ് സുമൻ, നിതീഷ് കുമാർ മന്ത്രിസഭയിൽ അംഗമാണ്. 2025ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായി ആറ് സീറ്റുകളിൽ മത്സരിച്ച ഹം പാർട്ടി(എസ്) അഞ്ചിടത്ത് ഉജ്ജ്വല വിജയം സ്വന്തമാക്കി.