ബംഗ്ലാദേശിൽ അക്രമികൾ തീകൊളുത്തിയ ഹിന്ദു വ്യാപാരി മരിച്ചു; കൊല്ലപ്പെടുന്ന നാലാമത്തെ ഇതര മതസ്ഥൻ

Saturday 03 January 2026 2:34 PM IST

ധാക്ക: ബംഗ്ളാദേശിൽ കഴിഞ്ഞ ബുധനാഴ്‌ച ക്രൂരമായി ആക്രമിക്കപ്പെടുകയും തീ കൊളുത്തപ്പെടുകയും ചെയ്ത ഹിന്ദു വ്യാപാരി ചികിത്സയിൽ കഴിയവേ മരിച്ചു. മെഡിസിൻ, മൊബൈൽ ബാങ്കിംഗ് ബിസിനസ് നടത്തുകയായിരുന്ന ഖോകോൺ ചന്ദ്ര ദാസ് (50) ആണ് ധാക്കയിലെ ആശുപത്രിയിൽ മരണപ്പെട്ടത്.

ബുധനാഴ്‌ച രാത്രി കടയടച്ച് വീട്ടിലേയ്ക്ക് മടങ്ങവേയാണ് ദാസ് ആക്രമിക്കപ്പെട്ടത്. മാരകായുധങ്ങളാൽ ആക്രമിച്ചശേഷം അക്രമികൾ ഇയാളെ തീകൊളുത്തുകയായിരുന്നു. തുടർന്ന് സമീപത്തെ പുഴയിലേയ്ക്ക് ദാസ് ചാടി. പ്രദേശവാസികൾ ചേർന്ന് ആദ്യം ഇയാളെ സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ധാക്കയിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

കുടുംബത്തിന് ശത്രുക്കളില്ലെന്നും ഭർത്താവ് ആക്രമിക്കപ്പെട്ടതിന്റെ കാരണം വ്യക്തമല്ലെന്നുമാണ് ദാസിന്റെ ഭാര്യ സീമ ദാസ് പ്രതികരിച്ചത്. അക്രമികൾ മുസ്ലീങ്ങളാണെന്ന് സീമ ദാസ് പറഞ്ഞു. അക്രമികളിൽ രണ്ടുപേരെ തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് ഭർത്താവിനെ തീകൊളുത്തിയതെന്നും അവർ ആരോപിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് ഹിന്ദു വിഭാഗക്കാരനെതിരെ ബംഗ്ളാദേശിൽ ആൾക്കൂട്ട ആക്രമണമുണ്ടാകുന്നത്. മതനിന്ദ ആരോപിച്ച് ദീപു ചന്ദ്രദാസ്, ക്രിമിനൽ സംഘത്തലവനെന്ന് കാട്ടി അമൃത് മൊണ്ടാൽ എന്നീ യുവാക്കളെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ബജേന്ദ്ര ബിശ്വാസ് എന്നയാളെ സഹപ്രവർത്തകൻ വെടിവച്ചു കൊന്നു. ബംഗ്ലാദേശിൽ മത ന്യൂനപക്ഷങ്ങൾക്ക് നേരെ തുടരുന്ന ആക്രമണങ്ങളെ അപലപിച്ച് പാശ്ചാത്യ രാജ്യങ്ങൾ അടക്കം രംഗത്തെത്തിയിരുന്നു.