ഓടുന്ന കാറിന് മുകളിൽ ഡാൻസ് കളിച്ച് യുവാക്കളുടെ ന്യൂഇയർ ആഘോഷം; കനത്ത പിഴ ചുമത്തി പൊലീസ്

Saturday 03 January 2026 3:22 PM IST

നോയിഡ: പുതുവത്സരാഘോഷത്തിൽ ഓടുന്നകാറിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ നടപടിയുമായി പൊലീസ്. നോയിഡയിലാണ് മദ്യലഹരിയിൽ കാറിന് മുകളിൽ കയറി യുവാക്കൾ നൃത്തം വച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നോയിഡ പൊലീസ് കേസെടുത്തത്. ഇവർക്ക് 67,000 രൂപയുടെ പിഴയും ചുമത്തി.

തിരക്കേറിയ റോഡിൽ ഓടിക്കൊണ്ടിരുന്ന ആൾട്ടോ കാറിന് മുകളിൽ കയറി നൃത്തം ചെയ്ത അഞ്ച് യുവാക്കൾക്കെതിരെയാണ് നടപടി. രണ്ട് പേർ കാറിനു മുകളിൽ കയറി നിൽക്കുമ്പോൾ ഒരാൾ വിൻഡോയിലൂടെ പുറത്തേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു. മറ്റൊരു യുവാവ് കാറിന്റെ ബോണറ്റിൽ ഇരുന്നും നൃത്തം ചെയ്തു.

യുവാക്കളുടെ ഭാരം കാരണം കാർ അപകടകരമായ രീതിയിൽ ആടുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതിനിടയിൽ കാർ നിർത്തി ഡ്രൈവറും റോഡിലിറങ്ങി നൃത്തം ചെയ്തു. രണ്ട് പേർ ഷർട്ട് അഴിച്ചുമാറ്റിയാണ് ആവേശം പ്രകടിപ്പിച്ചത്. ഇതിനിടെ കാറിന് മുകളിൽ നിന്ന് ഒരാൾ താഴെ വീഴാൻ പോയെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

ഇവർക്കു പിന്നാലെ ഉണ്ടായിരുന്ന കാർ യാത്രികരാണ് യുവാക്കളുടെ അഭ്യാസം മൊബൈലിൽ പകർത്തിയത്. ആൾട്ടോ കാറിൽ ഇങ്ങനെയാണെങ്കിൽ, ഫോർച്യൂണറൊക്കെയായിരുന്നെങ്കിൽ ഇവർ എന്തൊക്കെ കാട്ടിക്കൂട്ടുമായിരുന്നുവെന്ന് വീഡിയോ പകർത്തിയ യുവതി ദൃശ്യങ്ങളിൽ പരിഹാസത്തോടെ പറയുന്നത് കേൾക്കാം. കാർ ഏതുനിമിഷവും മറിഞ്ഞുപോകാമെന്ന ആശങ്കയും അവർ പങ്കുവച്ചു. വീഡിയോ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ നോയിഡ പൊലീസ് കാർ ഉടമയെ കണ്ടെത്തുകയും 67,000 രൂപ പിഴ ചുമത്തുകയുമായിരുന്നു.