എഐ അല്ല, ഇത് മഞ്ജുവാര്യർ തന്നെ; ധനുഷ്‌കോടിയിലെ മഴയത്ത് ഒരു അടിപൊളി ബിഎംഡബ്ല്യു ബൈക്ക് റൈഡ്

Saturday 03 January 2026 7:02 PM IST

സിനിമയിലെ കഥാപാത്രങ്ങൾക്കപ്പുറം നിത്യജീവിതത്തിലൂടെ ഒട്ടേറെ പേർക്ക് റോൾമോഡലായി മാറിയ മലയാള നടിയാണ് മഞ്ജുവാര്യർ. അഭിനയം, നൃത്തം, യാത്രകൾ തുടങ്ങിയവയാണ് താരത്തിന്റെ ഇഷ്‌ടവിനോദങ്ങൾ. ആ കൂട്ടത്തിലേക്ക് ബൈക്ക് റൈഡിംഗ് കൂടി കയറിപറ്റിയിട്ട് നാള് കുറച്ചായി.ഇപ്പോൾ അഡ്വഞ്ചർ വിഭാഗത്തിലുള്ള ബിഎംഡബ്ല്യു ബൈക്കായ ആർ1250 ജിഎസിൽ മഴയത്ത് യാത്ര ചെയ്യുന്ന നടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ധനുഷ്‌കോടിയിലൂടെ യാത്ര ചെയ്യുന്ന നടിയുടെ ചിത്രങ്ങൾ വൈറലാകുമ്പോൾ അത് സ്വാതന്ത്ര്യത്തിന്റെ പുതിയൊരു അദ്ധ്യായം കൂടിയാണ് തുറക്കുന്നത്. ബൈക്കിൽ ഇരുന്നും നിന്നുമൊക്കെ യാത്ര ചെയ്‌ത് ചെറിയ അഭ്യാസങ്ങളും താരം കാണിക്കുന്നുണ്ട്.

'കഴിഞ്ഞുപോയ ഓരോ അനുഭവത്തിനും നന്ദിയുണ്ട്. ഇപ്പോൾ ജീവിതത്തിൽ ഉള്ളതൊക്കെയും നന്ദിയോടെ സ്വീകരിക്കുന്നു. ഇനി വരാനിരിക്കുന്ന എല്ലാത്തിനെയും പ്രതീക്ഷയോടെയും നന്ദിയോടെയും കാത്തിരിക്കുന്നു' എന്ന കാപ്‌ഷനോടെയാണ് മഞ്ജു വീഡിയോ പങ്കുവച്ചത്.

സെലിബ്രിറ്റികളടക്കം നിരവധി പേരാണ് വീഡിയോയ്‌ക്ക് താഴെ കമന്റുകളുമായെത്തിയത്. പലരും ഇത്തരത്തിലൊരു ജീവിതമാണ് ആഗ്രഹിക്കുന്നതെന്നാണ് കുറിക്കുന്നത്. പലരും എഐ വീഡിയോ ആണെന്ന് തെറ്റിദ്ധരിക്കുന്നുണ്ട്. തുനിവ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടൻ അജിത്തിനൊപ്പം ബൈക്കിൽ നടത്തിയ യാത്രയാണ് ടൂ വീലർ ലൈസൻസ് എടുക്കാനും പുതിയ ബൈക്ക് സ്വന്തമാക്കാനും താരത്തിന് പ്രചോദനമായതെന്ന് മഞ്ജുവാര്യർ നേരത്തെ പറഞ്ഞിട്ടുണ്ട്.

ഏകദേശം 23 ലക്ഷത്തിന് മുകളിലാണ് മഞ്ജുവാര്യരുടെ കൈവശമുള്ള ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചർ ബൈക്കായ ആർ1250 ജിഎസിന് വില വരുന്നത്. നടൻ സൗബിൻ ഷാഹിറിനും ഇതേ ബൈക്കുണ്ട്. ബൈക്കുമായി നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.