കൊടിനട- വടക്കേവിള റോഡിൽ മാലിന്യം കുന്നുകൂടുന്നു

Sunday 04 January 2026 12:59 AM IST

ബാലരാമപുരം: സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർ പതിവായി സഞ്ചരിക്കുന്ന കൊടിനട- വടക്കേവിള റോഡിൽ മാലിന്യം കുന്നുകൂടുന്നതിനെതിരെ വ്യാപക പരാതിയുയരുന്നു. പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലുമാക്കിയാണ് മാലിന്യം ഇവിടെ തള്ളുന്നത്. പ്രദേശത്ത് സി.സി.ടിവി ക്യാമറകൾ സ്ഥാപിച്ച് മാലിന്യം കൊണ്ടിടുന്നവരെ പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മാലിന്യനിക്ഷേപം വർദ്ധിച്ചതോടെ തെരുവ് നായ്ക്കളും ഈ ഭാഗത്തേക്ക് കൂടുതൽ അടുക്കുകയാണ്. ഇക്കാരണത്താൽ വഴിയാത്രക്കാർക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. ദുർഗന്ധം കാരണം പരിസരത്തെ വ്യാപാരികളും പ്രതിഷേധത്തിലാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത് ഹരിതകർമ്മ സേന,​ ശുചീകരണ തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്തി ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് പ്രദേശം മാലിന്യമുക്തമാക്കണമെന്നും നാട്ടുകാരും വടക്കേവിള റസിഡന്റ്സ് അസോസിയേഷനും ആവശ്യപ്പെട്ടു.