മലയാളികൾക്ക് സന്തോഷവാർത്ത; വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിലേക്കും,​ സർവീസിന് സാദ്ധ്യത ഈ റൂട്ടുകളിൽ

Saturday 03 January 2026 7:37 PM IST

ന്യൂഡൽഹി ; ഇന്ത്യൻ റെയിൽവേ പുതിയതായി അവതരിപ്പിച്ച വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിനും അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ നൽകാനാണ് ശ്രമമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. നേരത്തെ രണ്ട് വന്ദേഭാരത് ട്രെയിനുകൾ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിനും അനുവദിക്കുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി എപ്പോൾ അനുവദിക്കുമെന്ന ചോദ്യത്തോട് പ്രതികരിച്ചില്ല.

അതേസമയം നിലവിൽ കേരളത്തിന് പുറത്തേക്ക് ഒരു വന്ദേഭാരത് സർവീസ് നടത്തുന്നുണ്ട്. ബംഗളുരുവിലേക്കാണ് ഈ സർവീസ് ഉള്ളത്. ഈ റൂട്ടിൽ സ്ലീപ്പർ ട്രെയിൻ അനുവദിക്കുന്നത് യാത്രക്കാർക്ക് പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തൽ. കോഴിക്കോട്- ചെന്നൈ റൂട്ട്,​ തിരുവനന്തപുരം- ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും സർവീസ് വേണമെന്ന് ആവശ്യമുയരുന്നുണ്ട്. എന്നാൽ തിരുവനന്തപുരം- മംഗളുരു റൂട്ടിലായിരിക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് നടത്തുക എന്നാണ് ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന.

അതിനിടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകളും പുറത്തുവന്നു. എ.സി ത്രീ ടയർ കോച്ചിന് 2300 രൂപയായിരിക്കും നിരക്ക്, 2 ടയറിൽ 3000,​ എസ് ഫസ്റ്റ് ക്ലാസ് - ഫെയർ 3600 എന്നിങ്ങനെയായിരിക്കും നിരക്ക്. കൊൽക്കത്ത- ഗുവാഹത്തി റൂട്ടിൽ ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യുക. ബംഗാളിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇരുസംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് കൊണ്ട് ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്.