നിയമസഭ തിരഞ്ഞെടുപ്പ് : വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങി

Sunday 04 January 2026 1:58 AM IST

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങി. യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള തിരുവാതുക്കൽ എ.പി.ജെ. അബ്ദുൾ കലാം ഓഡിറ്റോറിയത്തിലാണ് കളക്ടർ ചേതൻ കുമാർ മീണയുടെ മേൽനോട്ടത്തിൽ പരിശോധന ആരംഭിച്ചത്. ജില്ലയിൽ 1791 പോളിംഗ് ബൂത്തുകളാണുളളത്. ബൂത്തുകളുടെ എണ്ണത്തേക്കാൾ 25 ശതമാനം അധികം വോട്ടിംഗ് യന്ത്രങ്ങളും (കൺട്രോൾ, ബാലറ്റ് യൂണിറ്റുകൾ) 35 ശതമാനം അധികം വി.വി. പാറ്റ് യന്ത്രങ്ങളുമാണ് പരിശോധിക്കുന്നത്. വെയർ ഹൗസിൽ നിന്ന് യന്ത്രങ്ങൾ പുറത്തെടുത്ത് പഴയ സ്റ്റിക്കറുകളും ബാലറ്റുകളും സീലുകളും നീക്കം ചെയ്ത് പ്രവർത്തനക്ഷമത ഉറപ്പുവരുത്തുകയാണ് 22 ദിവസത്തോളം നീണ്ടുനിൽക്കുന്ന പരിശോധനയിൽ ചെയ്യുന്നത്. ആദ്യഘട്ട പരിശോധനയിൽ അംഗീകരിക്കുന്ന യന്ത്രങ്ങളാണ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുക.