തിരുപ്പതി ക്ഷേത്രത്തിലെ കലശം തകർക്കാൻ ശ്രമം; 42കാരൻ പിടിയിൽ

Sunday 04 January 2026 3:25 AM IST

ചെന്നൈ: തിരുപ്പതി ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി ഗോപുരങ്ങളിലൊന്നിലെ കലശം തകർക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മദ്യപിച്ച് പരാക്രമം കാട്ടിയ 42കാരനായ നിസാമാബാദ് സ്വദേശി കെ. തിരുപ്പതി എന്നയാളാണ് പിടിയിലായത്. വെള്ളിയാഴ്ച അർദ്ധരാത്രിയിലാണ് സംഭവം.

ക്ഷേത്ര മതിൽ ചാടിക്കടന്ന ഇയാൾ, അകത്തെ തടിത്തൂണുകൾ വഴി ഗോപുരത്തിന് മുകളിൽ കയറി. വിശുദ്ധ കലശങ്ങൾ വലിച്ചുമാറ്റാൻ ശ്രമിച്ചു. ഇതിനിടെ രണ്ട് കലശങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു.

ഗോപുരത്തിന് മുകളിൽ ആളെ കണ്ടതോടെ ക്ഷേത്രം ജീവനക്കാർ പോലീസിനെ അറിയിച്ചു. തിരുപ്പതി ഈസ്റ്റ് പോലീസും ഫയർഫോഴ്സും ചേർന്ന് കയറുകളും ഇരുമ്പ് ഗോവണികളും ഉപയോഗിച്ചു മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ താഴെയിറക്കിയത്. പൊലീസ് ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചപ്പോൾ, ഒരു ക്വാർട്ടർ ബോട്ടിൽ മദ്യം നൽകിയാൽ മാത്രമേ താൻ ഇറങ്ങൂയെന്ന് ഇയാൾ പറഞ്ഞു. മദ്യം നൽകാമെന്ന് ഉറപ്പുനൽകിയതോടെയാണ് താഴെയിറങ്ങിയത്. സംഭവം വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.