ടോക്സിക്കിലെ റെബേക്കയായി താര സുതാര്യ, യാഷ് ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ പുറത്ത്
‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ എന്ന യാഷ് ചിത്രത്തിലെ കഥാപാത്രാവിഷ്‌കാരങ്ങൾ ഓരോന്നായി പ്രേക്ഷകർക്കു മുന്നിലെത്തുമ്പോൾ, സിനിമയുടെ ഇരുണ്ടതും ശക്തവുമായ ലോകം കൂടുതൽ ആഴത്തിലേക്ക് തുറന്നുകാട്ടുകയാണ്. കിയാര അദ്വാനി അവതരിപ്പിച്ച നാദിയ, ഹുമ ഖുറേഷിയുടെ എലിസബത്ത്, നയൻതാരയുടെ ഗംഗ എന്നീ ശക്തമായ കഥാപാത്രങ്ങൾക്ക് പിന്നാലെ, റെബേക്കയായി താര സുതാര്യയെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പാൻ-ഇന്ത്യൻ സിനിമാരംഗത്തേക്കുള്ള താര സുതാര്യയുടെ ആദ്യ ചുവടുവെയ്പ്പാണിത്. ഉയർന്ന തലത്തിലുള്ള ആക്ഷനും ശക്തമായ നാടകീയ മുഹൂർത്തങ്ങളും ആഴമേറിയ കഥാപശ്ചാത്തലവും ചേർന്ന ‘ടോക്സിക്’ ഒരു മഹത്തായ പാൻ-ഇന്ത്യ സിനിമാനുഭവമാവുമെന്ന് ഈ കഥാപാത്രങ്ങളുടെ ക്യാരക്ടർ സൂചിപ്പിക്കുന്നു.
യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രം, ഗീതു മോഹൻദാസിന്റെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്. കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ പുറത്തിറങ്ങും. കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രം, ഈദ്, ഉഗാദി, ഗുഡി പാഡ്വ ഉത്സവങ്ങളോടൊപ്പം 2026 മാർച്ച് 19ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.