സിനിമയോട് ഗുഡ് ബൈ, അവസാന ട്രെയിലറിൽ വിജയ്
33 വർഷത്തെ വെള്ളിത്തിര ജീവിതത്തിന് വിട പറയുന്ന ദളപതി വിജയ് യുടെ അവസാന ചിത്രമായ ജനനായകൻ ട്രെയിലർ തരംഗമായി മാറുമ്പോൾ ഒരു യുഗം ചരിത്രമാകുന്നു. പതിവ് വിജയ് ചിത്രങ്ങളെ പോലെ ജനനായകന്റെ ട്രെയിലറും മിനിറ്റുകൾക്കുള്ളിൽ സോഷ്യൽ മീഡിയ തൂക്കി.
ട്രെയിലറിൽ വിജയ് യുടെ അപരാജിതമായ താരപ്രഭയും അഭിനയത്തിലെ പക്വതയും ഒരുമിച്ച് പ്രതിഫലിപ്പിക്കുന്ന ശക്തമായ ദൃശ്യാനുഭവമാണ്. സാമൂഹിക ഉത്തരവാദിത്വവും ജനകീയ വികാരങ്ങളും സമന്വയിപ്പിക്കുന്ന കഥാസൂചനകൾ നിറഞ്ഞ ട്രെയിലർ, ആരാധകരിലും സിനിമാപ്രേമികളിലും അതീവ ആവേശം സൃഷ്ടിക്കുന്നതിനൊപ്പം ടിക്കറ്റ് ബുക്കിങിലും ആഗോള തലത്തിൽ വൻ കുതിപ്പാണ് നടത്തുന്നത്. ഇത് ഒരു ട്രെയിലർ റിലീസ് മാത്രമല്ല; തമിഴ് സിനിമാ വ്യവസായത്തിലെ ഒരു യുഗാന്ത്യത്തിന്റെ പ്രഖ്യാപനമാണ്. നടനെന്ന നിലയിൽ മാത്രമല്ല, ഒരു തലമുറയുടെ വികാരമായി മാറിയ വിജയ് യ്ക്ക് ‘ജനനായകൻ’ ഒരു സിനിമയേക്കാൾ വലിയ യാത്രയുടെ സമാപനകുറിപ്പാണ്. അതേസമയം പ്രീ സെയിലിലൂടെ ലോക വ്യാപകമായി ജനനായകൻ ഇതിനകം നേടിയത് 25 കോടി രൂപ ആണ് .ട്രെയിലർ റിലീസിന് ശേഷം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിൽ ഒരു കുതിച്ച് കയറ്റമുണ്ടാകാനാണ് സാധ്യത.ആദ്യ ദിനം ജന നായകൻ ലോക വ്യാപകമായി 100 കോടിയിലേറെ നേടിയായാലും അദ്ഭുതപ്പെടാനില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 9ന്, പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും. പൂജ ഹെഗ് ഡെ ആണ് നായിക. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. പി.ആർ.ഒ : പ്രതീഷ് ശേഖർ.