വെളിച്ചം കാണാതെ മലയോര റെയിൽവേ

Sunday 04 January 2026 12:16 AM IST

വെമ്പായം: ജില്ലയിലെ മലയോര മേഖലയിലെ ജനങ്ങൾ ചൂളം വിളിക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നു.ഓരോ തിരഞ്ഞെടുപ്പിലും രാഷ്ട്രീയക്കാരുടെ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണെങ്കിലും,ഇതുവരെയും പദ്ധതി വെളിച്ചം കണ്ടിട്ടില്ല.

പദ്ധതി സാക്ഷാത്കരിച്ചിരുന്നങ്കിൽ ചെന്നൈ,മധുര,തൂത്തുക്കുടി,ശിവകാശി എന്നിവിടങ്ങളിലേക്ക് പോകാനുള്ള ഏറ്റവും ദൂരം കുറഞ്ഞ മാർഗമായേനെ ഇത്.ഇപ്പോൾ തെന്മല വരെ ബ്രോഡ്ഗേജ് റെയിൽപ്പാതയുണ്ട്.അവിടെ നിന്ന് പാത പാലോട് - നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്ക്‌ നീട്ടുകയാണെങ്കിൽ തിരുവനന്തപുരത്ത് നിന്ന് ചെന്നൈയ്ക്കുള്ള എളുപ്പ മാർഗമാകും.

വർഷങ്ങൾക്ക് മുൻപ് ശബരി റെയിൽപ്പാതയുടെ ഭാഗമായി നെടുമങ്ങാട് വഴി പുതിയ മലയോര ലൈൻ സ്ഥാപിക്കാൻ സതേൺ റെയിൽവേ അനുമതി നൽകിയിരുന്നു.അതിന്റെ സർവേ നടപടികളും പൂർത്തീകരിച്ചിരുന്നു.ഇതുകൂടി സാദ്ധ്യമായിരുന്നങ്കിൽ എരുമേലി - പുനലൂർ - തിരുവനന്തപുരം, പേരിനാട്, പത്തനാപുരം, പത്തനംതിട്ട, ചണ്ണപ്പേട്ട, ഭരതന്നൂർ, നെടുമങ്ങാട്, മുതുവിള,പൗഡിക്കോണം റെയിൽ പാതയും, മലയോര പ്രദേശങ്ങളുടെ മലയോര റെയിൽവേ എന്ന ചിരകാല അഭിലാഷവും പൂർത്തിയായേനെ.

ഇപ്പോഴുള്ള തിരുവനന്തപുരം - കൊല്ലം - കൊട്ടാരക്കര - പുനലൂർ വഴിയുള്ള പാതയെക്കാൾ 80 കിലോമീറ്റർ ദൂരം കുറഞ്ഞ പാതയാകും മലയോര റെയിൽവേ

തിരുവനന്തപുരം ചെന്നൈ യാത്രക്കാർക്കും നെടുമങ്ങാട്,കല്ലറ,പാലോട്,മടത്തറ,കുളത്തൂപ്പുഴ സ്ഥലങ്ങളിലുള്ള മലയോര പ്രദേശത്തെ യാത്രക്കാർക്കും ഇത് ഗുണം ചെയ്യും