ഓജീസ് കാന്താരി ബാർ വെടിവയ്പ് കേസ് പ്രതി വധശ്രമക്കേസിൽ വീണ്ടും അറസ്റ്റിലായി

Sunday 04 January 2026 12:10 AM IST

കൊച്ചി: മൂന്നു കൊല്ലം മുമ്പ് കുണ്ടന്നൂരിലെ ഓജീസ് കാന്താരി ബാറിൽ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന മുഖ്യപ്രതി ആലപ്പുഴ എഴുപുന്ന നീണ്ടകര വാലന്തറ വീട്ടിൽ റോജൻ പോളിനെ (46) വധശ്രമക്കേസിൽ കണ്ണമാലി പൊലീസ് അറസ്റ്റ് ചെയ്തു.

കുമ്പളങ്ങി സ്വദേശി ജെഫിൻ ആന്റണിയെ (18) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു മാസമായി ഒളിവിലായിരുന്നു.

കാട്ടിപ്പറമ്പ് ബസ് സ്റ്റോപ്പിന് സമീപം പാർക്ക് ചെയ്ത ജെഫിന്റെ ബൈക്കിൽ കേസിലെ ഒന്നാംപ്രതി ആന്റണി ബേസിൽ ഇരുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബൈക്കിൽ നിന്നിറങ്ങാൻ ജെഫിൻ ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാതിരുന്ന ആന്റണി ബൈക്കിന്റെ താക്കോലുമായി കടന്നു.ഇക്കാര്യം പൊലീസിൽ അറിയിച്ചതിന് പ്രതികാരമായി റോജൻ പോളും ആന്റണി ബേസിലും ഉൾപ്പെട്ട അഞ്ചംഗം സംഘം 2025 ഒക്റ്റോബർ 6ന് കാട്ടിപ്പറമ്പ് പള്ളിക്ക് സമീപം ജെഫിനെ തടഞ്ഞുനിർത്തി ആക്രമിച്ചു. യുവാവിനെ പൊക്കിയെടുത്ത് നിലത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്ന് ഗുരുതര പരിക്കേറ്റിരുന്നു.

കേസിൽ കണ്ണമാലി സ്വദേശികളായ ആന്റണി ബേസിൽ, സജി, സേവ്യർ, പള്ളുരുത്തി സ്വദേശി നെജീബ് എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തു. കാട്ടിപ്പറമ്പ് സെന്റ് ജോസഫ് പള്ളിപരിസരത്ത് നിന്ന് കണ്ണമാലി എസ്.എച്ച്.ഒ സുനിൽ തോമസ്, എസ്.ഐ ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെയാണ് റോജൻ പോളിനെ അറസ്റ്റ് ചെയ്തത്.

2022 ഒക്ടോബറിലാണ് കുണ്ടന്നൂരിലെ ബാറിലെ ചുമരിലേക്ക് അഭിഭാഷകനായ ഹരോൾഡ് ജോസഫിന്റെ റിവോൾവർ ഉപയോഗിച്ച് രണ്ടു തവണ വെടിയുതിർത്തത്. മട്ടാഞ്ചേരിയിലെ കവർച്ചാക്കേസിൽ ജാമ്യത്തിലിറങ്ങിയ സന്തോഷം പങ്കുവെയ്ക്കാൻ അഭിഭാഷകനൊപ്പം ബാറിലെത്തി മദ്യപിച്ച ശേഷമായിരുന്നു വെടിവെയ്പ്പ്. ഈ സംഭവത്തിൽ വധശ്രമം ചുമത്തി റോജനെയും അഭിഭാഷകനെയും മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.