ഭാര്യയ്ക്ക് മർദ്ദനം: ഭർത്താവ് അറസ്റ്റിൽ
അടൂർ : നിരന്തര പീഡനം മൂലം പിണങ്ങി മാറി മകളുമൊത്ത് വാടകവീട്ടിൽ താമസിച്ച ഭാര്യയെ അവിടെയെത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും വാഹനം കത്തിക്കുകയും ചെയ്ത കേസിൽ ഭർത്താവിനെ അറസ്റ്റു ചെയ്തു. ഏനാദിമംഗലം മാരൂർ തോട്ടപ്പാലം പ്രിൻസ് കോട്ടേജിൽ പ്രിൻസ് ശമുവേൽ (49) ആണ് പിടിയിലായത്. ഗാർഹികപീഡന നിരോധനനിയമപ്രകാരം കോടതിയുടെ സംരക്ഷണം ലഭിച്ചിട്ടുളള സ്ത്രീയെ കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് ഇയാൾ വാടകവീട്ടിലെത്തി ഉപദ്രവിച്ചത്. സംഭവത്തിന് മുമ്പും ദേഹോപദ്രവ മേൽപ്പിച്ചതിന് പ്രതിയ്‌ക്കെതിരെ കോടതിയിൽ കേസുണ്ട്. ഇളമണ്ണൂർ തോട്ടപ്പാലത്തുനിന്നും പിടികൂടിയ പ്രതിയെ ചോദ്യം ചെയ്യലുകൾക്കുശേഷം കോടതിയിൽ ഹാജരാക്കി. അടൂർ പൊലീസ് ഇൻസ്‌പെക്ടർ ശ്രീകുമാർ.എസിന്റെ മേൽനോട്ടത്തിൽ എസ്.ഐ അനൂപ് രാഘവൻ, എ.എസ്.ഐ മഞ്ജുമോൾ, സി.പി.ഒ മാരായ നിഥിൻ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.