തൃക്കരിപ്പൂരിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷപദവിയിൽ തർക്കം: ലീഗ് നേതാക്കളെ തടഞ്ഞുവച്ചു,​ ഓഫീസ് പൂട്ടി യൂത്ത് ലീഗ് പ്രവർത്തകർ

Saturday 03 January 2026 10:19 PM IST

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ടുള്ള തർക്കം സംഘർഷത്തിലേക്ക്. മുസ്ലിം ലീഗ് നേതാക്കന്മാരെ യൂത്ത് ലീഗ് പ്രവർത്തകർ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. മുസ്ലീം ലീഗ് ഓഫീസിന്റെ വാതിലിൽ പുതിയ പൂട്ടിട്ട പ്രവർത്തകർ ഇത് തകർ‌ക്കുന്നവരുടെ വീട്ടിൽ കയറി പൊളിക്കുമെന്ന ഭീഷണിയുള്ള പോസ്റ്ററും പതിച്ചു.

ലീഗ് യൂത്തന്മാർ എന്ന പേരിലാണ് ഭീഷണിയുള്ള പോസ്റ്റർ പതിച്ചത്. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് വിവിധ വാർഡുകളിൽ നിന്നെത്തിയ യൂത്തു ലീഗ് പ്രവർത്തകർ ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടിയത്. ലീഗിന് അനുവദിക്കപ്പെട്ട സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്ത് കൂടിയാലോചനകളില്ലാതെ ഏകപക്ഷീയ തീരുമാനമെടുത്തുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

തൃക്കരിപ്പൂർ ടൗൺ വാർഡിൽ നിന്നും വിജയിച്ച യു.പി.ഫായിസിനെ അവഗണിച്ച് വെള്ളാപ്പ് വാർഡിലെ ടി.എസ്.നജീബിന് സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനം നൽകാനെടുത്ത തീരുമാനമാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് വിവരം. രണ്ടു ദിവസമായി ഈ വിഷയം മുസ്ലിം ലീഗിനുള്ളിൽ പുകയുന്നുണ്ട്. പഞ്ചായത്തിലെ മൂന്നു സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനങ്ങളിൽ രണ്ടെണ്ണം ലീഗിനും ഒന്ന് കോൺഗ്രസ്സിനുമാണ്. ലീഗിന് ലഭിച്ചതിൽ ഒന്ന് വനിതാസംവരണവുമാണ്. രണ്ടാമത്തെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായി കഴിഞ്ഞ ദിവസം നടന്ന മുസ്ലിം ലീഗ് പഞ്ചായത്ത് നേതൃസമിതി യോഗമാണ് നജീബിനെ തിരഞ്ഞെടുത്തത്. ഇതിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. ഫായിസിനെയല്ലാതെ മറ്റൊരാളെ അംഗീകരിക്കില്ലെന്ന നിലപാടിലേക്ക് പ്രതിഷേധക്കാർ മാറിയതിനെ തുടർന്ന് ചർച്ച നടന്നുവെങ്കിലും പരിഹാരം ഉണ്ടായില്ല. ഇന്നലെ ഉച്ചക്ക് ബാഫക്കി തങ്ങൾ സൗധത്തിലെ ഓഫീസിൽ ഇടഞ്ഞുനിൽക്കുന്നവരുമായി ചർച്ച നടത്തുന്നതിനിടെയാണ് പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.കുഞ്ഞഹമ്മദ് ,​ട്രഷറർ ടി.പി.അഹമ്മദ് ഹാജി എന്നിവരെ യൂത്ത് ലീഗ് പ്രവ‌ർത്തകർ തടഞ്ഞുവെച്ചത്. പാർട്ടി ജില്ലാ കമ്മിറ്റിയിൽ നിന്ന് നജീബിന് അനുകൂലമായ തീരുമാനം വന്നതിന് പിന്നാലെ നേതാക്കൾ പുറത്തുവന്നതോടെ പ്രതിഷധവുമായി യൂത്ത് ലീഗ് പ്രവർത്തകർ ഓഫീസ് താഴു കൊണ്ടുവന്ന് പൂട്ടുകയായിരുന്നു.