സംസ്ഥാന സ്‌കൂൾ കലോത്സവം ഇനി 11 ദിവസം, സ്വർണക്കപ്പിൽ പിടിമുറുക്കാൻ ആതിഥേയർ
തൃശൂർ: കാൽ നൂറ്റാണ്ടിന് ശേഷം കഴിഞ്ഞ വർഷം തൃശൂരിലെത്തിയ സ്വർണക്കപ്പിൽ പിടിമുറുക്കാൻ ആതിഥേയർ. തിരുവന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ 1008 പോയിന്റ് നേടിയാണ് തൃശൂർ കപ്പ് ഉയർത്തിയത്.ഫോട്ടോഫിനിഷിംഗിൽ ഒരു പോയന്റിന് അയൽജില്ലക്കാരായ പാലക്കാടിനെ മറികടന്നായിരുന്നു ജില്ല കപ്പിൽ മുത്തമിട്ടത്. 1003 പോയിന്റ് നേടിയ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. മുൻപ് കണ്ണൂരായിരുന്നു ജേതാക്കൾ. 1999 ൽ കൊല്ലത്ത് നടന്ന കലോത്സവത്തിലായിരുന്നു തൃശൂർ ഇതിനുമുമ്പ് സ്വർണക്കപ്പ് നേടിയത്. ഹൈസ്‌കൂൾ വിഭാഗത്തിൽ തൃശൂരും പാലക്കാടും 42 പോയിന്റുമായി ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ ഹയർസെക്കൻഡറി വിഭാഗത്തിൽ തൃശൂർ 526 പോയിന്റ് നേടിയപ്പോൾ പാലക്കാടിന് 525 പോയിന്റ് നേടാനേ ആയുള്ളൂ. അതോടെ കലാകിരീടം തൃശൂർ ഉറപ്പിക്കുകയായിരുന്നു. ഇത്തവണ തൃശൂർ ആതിഥേയത്വം വഹിക്കുമ്പോൾ കപ്പ് നിലനിറുത്താനുള്ള തയ്യാറെടുപ്പിലാണ് കലാപ്രതിഭകൾ.
കിരീടം നാലു തവണ
1957 ൽ ആരംഭിച്ച സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തൃശൂർ റവന്യൂ ജില്ലയ്ക്ക് കലാകീരിടം ലഭിച്ചത് നാലു തവണ മാത്രം. 1994, 1996,1999,2025 വർഷങ്ങളിലാണ് തൃശൂർ കപ്പിൽ മുത്തമിട്ടത്. ഇതിനിടെ 1968ലും 69 ലും ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയ്ക്ക് കിരീടം ലഭിച്ചിരുന്നു. കലോത്സവ ചരിത്രത്തിൽ ആറുതവണ വിവിധ കാരണങ്ങളാൽ മേള നടന്നില്ല.