വടക്കാഞ്ചേരി കോഴ ആരോപണം: കോൺഗ്രസ് മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു

Sunday 04 January 2026 12:00 AM IST
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞപ്പോൾ.

വടക്കാഞ്ചേരി: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സി.പി.എം ജനാധിപത്യം അട്ടിമറിച്ചുവെന്ന് ആരോപിച്ചും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.നഫീസ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും വടക്കാഞ്ചേരി, വള്ളത്തോൾനഗർ, കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പഞ്ചായത്ത് ഓഫീസിന് സമീപം ബാരിക്കേഡ് വച്ച് മാർച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡുകൾ തകർത്തതോടെ സംഘർഷം ഉടലെടുത്തു. തുടർന്ന് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിനിടെ ബാരിക്കേഡ് ദേഹത്ത് വീണ് ഓൺലൈൻ ചാനൽ ക്യാമറാമാൻ കുമരനെല്ലൂർ അയ്യത്ത് വീട്ടിൽ ദിലീപിന് (37) പരിക്കേറ്റു. വള്ളത്തോൾനഗർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ.ഷാനവാസിനും പരിക്കുണ്ട്.

യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി.വിൻസന്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. കോഴ ഇടപാട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും എ.സി.മൊയ്തീൻ എം.എൽ.എയുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി.ജയദീപ് അദ്ധ്യക്ഷനായി. രജേന്ദ്രൻ അരങ്ങത്ത്, എൻ.ആർ.സതീശൻ, ജിജോ കുരിയൻ, പി.ജെ.രാജു, പി.എൻ.വൈശാഖ്, സന്ധ്യ കൊടയ്ക്കാടത്ത് തുടങ്ങിയവർ സംസാരിച്ചു.