ഇറ്റ്‌ഫോക്കിന് അരങ്ങുണരും

Sunday 04 January 2026 12:00 AM IST

തൃശൂർ: സാംസ്‌കാരിക തലസ്ഥാനത്ത് നാടകമേളയുടെ തിരശീല ഉയരുന്നു. ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നുവരെയാണ് ഇറ്റ്‌ഫോക്ക്. അന്തർദേശീയ, ദേശീയതലത്തിൽ നിന്നും 9 വീതം നാടകങ്ങളും മലയാളത്തിൽ നിന്നും അഞ്ച് നാടകങ്ങളും അടക്കം 23 നാടകങ്ങളാണ് ഇറ്റ്‌ഫോക്കിൽ എത്തുന്നത്. നാടകോത്സവത്തിൽ ആകെ 46 അവതരണങ്ങൾ ഉണ്ടാകും.

25 വൈകീട്ട് അഞ്ചിന് അക്കാഡമി അങ്കണത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വിഖ്യാത ഡോക്യൂമെന്ററി സംവിധായകൻ ആനന്ദ് പട്‌വർദ്ധൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഗുജറാത്തി സിനിമാസംവിധായകനും നാടകകൃത്തും നടനുമായ ദക്ഷിൺ ബജ്‌രംഗ് ഛാര ചടങ്ങിൽ വിശിഷ്ടാതിഥിയാകും. ഡോ.അഭിലാഷ് പിള്ളയാണ് ഫെസ്റ്റിവൽ ഡയറക്ടർ. ശ്രീലങ്കൻ നാടക സംവിധായിക റുവാന്തി ഡി ചിക്കേറ, നാടകസംവിധായിക അനാമിക ഹസ്‌കർ,സംവിധായകൻ ഡോ.ശ്രീജിത്ത് രമണൻ, നാടക സംവിധായകൻ ജ്യോതിഷ് എം.ജി എന്നിവരാണ് ഫെസ്റ്റിവൽ ക്യൂറേറ്റർമാർ. ജലീൽ ടി.കുന്നത്ത് ആണ് ഫെസ്റ്റിവൽ കോർഡിനേറ്റർ.

എട്ട് ദിനം, ഏഴ് വേദികൾ

നാടകോത്സവം ഏഴ് വേദികളിലാണ് സംഘടിപ്പിക്കുന്നത്. കെ.ടി മുഹമ്മദ് തിയേറ്റർ, ആക്ടർ മുരളി തിയേറ്റർ, ബ്ലാക്ക് ബോക്‌സ് തിയേറ്റർ, സ്‌കൂൾ ഓഫ് ഡ്രാമ, ഫാവോസ്( രാമനിലയം ക്യാമ്പസ്), അക്കാഡമി അങ്കണം, മുരളി തിയേറ്റർ ബാക്ക് യാർഡ് എന്നിവയാണ് വേദികൾ.

നാടകങ്ങൾ

ഹാംലറ്റ് ടോയ്‌ലറ്റ് (ജപ്പാൻ), വൗ (സ്ലോവാക്കിയ), ഡംബിളിംഗ് (അർമേനിയ), ദി ലാസ്റ്റ് പ്ലെ ഇൻ ഗാസ (പലസ്തീൻ), ഫ്രാങ്കസ്റ്റീൻ പ്രോജക്ട് (അർജന്റീന), എ സ്‌ക്രീം ഇൻ ദി ഡാർക് ( ബ്രസീൽ), ലൂസിയ ജോയ്‌സ് എ സ്‌മോൾ ഡ്രാമ ഇൻ മോഷൻ (സ്‌പെയിൻ) ഓറഞ്ചസ് ആൻഡ് സ്റ്റോൺസ് (പലസ്തീൻ), റോമിയോ ആൻഡ് ജൂലിയറ്റ് (ഡെന്മാർക്)

ദേശീയവിഭാഗം

മാൽപ്രാക്ടിസ് ആൻഡ് ദി ഷോ ( പൂന), ദി ഫാർ പോസ്റ്റ് ( മുംബൈ), അണ്ടർ ദി മാംഗോസ്റ്റിയൻ ട്രീ (ചെന്നൈ), കുലംഗ ബർഹി (ആസാം), ദി നെതർ (പൂന), സംതിംഗ് ലൈക് ട്രൂത്ത് (പൂന), മെസോക് (മുംബൈ), അഗർബത്തി ( മധ്യപ്രദേശ്)

കേരളത്തിൽനിന്ന്

കൂഹൂ, ആൻ ആന്തോളജി ഓൺ ട്രെയിൻ (, പാലക്കാട്), ബൈ ബൈ ബൈപാസ് (എറണാകുളം), നന്മയിൽ ജോൺ ക്വിക്‌സോട്ട് (പാലക്കാട്), മാടൻ മോക്ഷം ( ആലപ്പുഴ), സ്‌ക്രീമർ ( പത്തനംതിട്ട).

ടിക്കറ്റ് ബുക്കിംഗ് അഞ്ചു മുതൽ

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ജനുവരി അഞ്ചിന് ഉച്ചയ്ക്ക് 12 ന് ആരംഭിക്കും. h-ttp-s://th-e-tarefestivalkerala.com എന്ന വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. 90 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റുകൾ ഓഫ്‌ലൈനായും എടുക്കാം. അതത് ദിവസം രാവിലെ ഒൻപതിനും നാടകം ആരംഭിക്കുന്നതിന് ഒരുമണിക്കൂർ മുൻപും ലഭിക്കും.