വടക്കാഞ്ചേരി കോഴ; സമരം കുടുപ്പിക്കാൻ കോൺഗ്രസ്

Sunday 04 January 2026 12:00 AM IST

തൃശൂർ: മറ്റത്തൂരിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്പ്പിച്ചും വടക്കാഞ്ചേരി കോഴ വിഷയത്തിൽ സമരത്തിന് മൂർച്ഛകൂട്ടിയും മുഖം രക്ഷിക്കാൻ കോൺഗ്രസ്. മറ്റത്തൂരിൽ പുറത്ത് പോയവരെ തിരിച്ചു കൊണ്ടു വരുന്നതിനോടൊപ്പം കോൺഗ്രസ് വിമതയെ പ്രസിഡന്റാക്കി നിലനിറുത്തി വൈസ് പ്രസിഡന്റായ നൂർജഹാനെ രാജിവയ്പ്പിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഡി.സി.സിയെ ഒഴിവാക്കി കെ.പി.സി.സി നേരിട്ടാണ് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നത്. കോൺഗ്രസ് പ്രതിരോധത്തിലായപ്പോൾ പിടിവള്ളിയായ വടക്കാഞ്ചേരി കോഴ വിവാദത്തിൽ ശക്തമായ പ്രതിഷേധത്തിനാണ് പാർട്ടി ഒരുങ്ങുന്നത്. കോൺഗ്രസ് ഇന്നലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗമായ ലീഗ് സ്വതന്ത്രൻ ജാഫർ കൂറുമാറി എൽ.ഡി.എഫിന് വോട്ട് ചെയ്തതെന്നും ഇതിനായി തനിക്ക് അമ്പത് ലക്ഷം രൂപയുടെ ഓഫർ ഉണ്ടെന്നുമായിരുന്നു വെളിപ്പെടുത്തൽ. തുടർന്ന് സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പ്രധാന പ്രചാരണ വിഷയങ്ങളിൽ ഒന്നായി മറ്റത്തൂരും വടക്കാഞ്ചേരിയും മാറിയേക്കും.

വിജിലൻസ് അന്വേഷണം: തീരുമാനം ഉടൻ

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് സ്വതന്ത്രനായിരുന്ന ജാഫറിന് അമ്പത് ലക്ഷം രൂപ വാഗ്ദാനം ചെയ്ത സംഭവത്തിൽ നൽകിയ പരാതിയിൽ തീരുമാനം ഉടൻ.

കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയിൽ അന്വേഷണം നടത്തണമോയെന്ന കാര്യത്തിൽ അടുത്ത ദിവസം വിജിലൻസാണ് തീരുമാനം എടുക്കുക. അടുത്ത ദിവസം തന്നെ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയേക്കും. അന്തിമ തീരുമാനം വിജിലൻസ് ഡയറക്ടറുടെതാണ്. എന്നാൽ പരാതി തള്ളിയാൽ കോൺഗ്രസ് നിയമപരമായി നീങ്ങാനുള്ള ശ്രമം നടത്തിയേക്കും. ഇതിനിടെ വടക്കാഞ്ചേരി വിഷയത്തിൽ യാതൊരു വിധ ഡീലും നടന്നിട്ടില്ലെന്ന് സി.പി.എം ആവർത്തിച്ചു.