തിരുവിതാംകൂർ ചരിത്രം ഇനി കൺമുന്നിൽ ഡിജിറ്റൽ മ്യൂസിയവുമായി ടൂറിസം വകുപ്പ്
തിരുവനന്തപുരം: നൂറു വർഷങ്ങൾക്ക് മുൻപ് ശ്രീമൂലം തിരുനാൾ നിർമ്മിച്ച കനകക്കുന്ന് കൊട്ടാരത്തിൽ തിരുവിതാംകൂർ ചരിത്രം നേരിട്ടു കാണാനുള്ള സൗകര്യമൊരുങ്ങുന്നു. ക്ഷേത്ര പ്രവേശന വിളംബരം ഉൾപ്പെടെയുള്ള ചരിത്ര സംഭവങ്ങൾ എ.ഐ സഹായത്തോടെ ത്രീഡി സംവിധാനത്തിലൂടെ മുന്നിലെത്തും. ചരിത്രവും കേരള സംസ്‌കാരവും ആധുനിക സാങ്കേതിക വിദ്യയിലുടെ സിനിമാരൂപത്തിൽ കാണാൻ കഴിയുന്ന ഡിജിറ്റൽ മ്യൂസിയം വൈകാതെ വിനോദ സഞ്ചാരികൾക്ക് തുറന്നു നൽകും. അഞ്ചു കോടിയോളം രൂപയാണ് നിർമ്മാണ ചെലവ്. അവസാനഘട്ട പണികളിലാണ് ടൂറിസം വകുപ്പ്.
തിരുവിതാംകൂർ ചരിത്രം വിശദീകരിക്കുന്ന ഏഴ് സോണുകളാണ് മ്യൂസിയത്തിലുള്ളത്.ചരിത്ര സംഭവങ്ങൾ എ.ഐ സഹായത്തോടെ പുനഃസൃഷ്ടിച്ച് പ്രദർശിപ്പിക്കുന്ന വിർച്വൽ ടൂറാണ് പ്രധാന സോണിലുള്ളത്. ടച്ച് സ്‌ക്രീനിലൂടെ തിരുവിതാംകൂറിന്റെ ഏത് ചരിത്ര കാലഘട്ടം വേണമെങ്കിലും തിരഞ്ഞെടുക്കാം. പൈതൃക വസ്തുക്കൾ,സംഗീത ഉപകരണങ്ങൾ,വാസ്തുവിദ്യാ ഉപകരണങ്ങൾ എന്നിവ കാണാനും തൊട്ടറിയാനും സാധിക്കുന്ന ഇന്ററാക്ടീവ് സോണാണ് മറ്റൊരു പ്രത്യേകത.
കേരള ചരിത്രം,തനത് സുഗന്ധവ്യഞ്ജനങ്ങൾ,ആയുർവേദ ചികിത്സ എന്നിവ വിശദീകരിക്കുന്ന ഓഡിയോവിഷ്വൽ സോണുകളും ഇവിടുണ്ട്. കേരളീയ സാംസ്‌കാരിക പൈതൃകമാണ് ഡിജിറ്റൽ മ്യൂസിയത്തിന്റെ മുഖ്യപ്രമേയം. മ്യൂസിയത്തിനായി ടൂറിസം വകുപ്പ് 4.90 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർവഹണ ചുമതല.
സർക്കാരിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ ചരിത്രം വിശദമായി രേഖപ്പെടുത്തുന്ന ആദ്യ പദ്ധതിയാണ് ഡിജിറ്റൽ മ്യൂസിയം. കനകക്കുന്ന് കൊട്ടാരത്തിലെ ഡിജിറ്റൽ മ്യൂസിയം നിർമ്മാണവുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കെട്ടിടത്തിന്റെ തനത് പൈതൃകത്തെ നശിപ്പിക്കുന്നതായും അശാസ്ത്രീയ നവീകരണമാണ് നടക്കുന്നതെന്നും പുരാവസ്തു വകുപ്പ് ആരോപിച്ചിരുന്നു. പുരാവസ്തു സ്മാരകമായിട്ടല്ല,പൈതൃക കെട്ടിടമായാണ് സംരക്ഷിക്കുന്നതെന്നായിരുന്നു ടൂറിസം വകുപ്പിന്റെ അഭിപ്രായം.