നയം വ്യക്തമാകുന്നു, നടപടികളും

Sunday 04 January 2026 1:07 AM IST

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ബി.ആ‌ർ.പി. ഭാസ്കർ ഇന്ന് നമുക്കൊപ്പമില്ല. അവസാന നാളുകളിൽ ചെന്നൈയിലായിരുന്നു. അവിടെ വച്ചായിരുന്നു അന്ത്യം. അതിനു മുമ്പ് ഒരു കാര്യം അദ്ദേഹം തുറന്നുപറഞ്ഞു- കേരളം ഒട്ടും വയോജന സൗഹൃദമല്ല. അതുകൊണ്ടാണ് തമിഴ്നാട്ടിലേക്ക് താമസം മാറിയത്. ആ വെളിപ്പെടുത്തൽ സംവാദങ്ങൾക്ക് വഴിവച്ചു. സർക്കാർ ഉണർന്നു. വയോജന നയം പരിഷ്കരിക്കാൻ തീരുമാനിച്ചു.

സാമൂഹിക നീതി വകുപ്പ് വൈകാതെ തന്നെ പുതിയ നയത്തിന്റെ കര‌ട് തയാറാക്കി. പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടി. അന്തിമ വിജ്ഞാപനം വൈകാതെയുണ്ടാകും. സർക്കാർ മറ്റൊരു നിർണായക കാൽവയ്പ് കൂടി നടത്തി. രാജ്യത്താദ്യമായി വയോജന കമ്മിഷൻ രൂപീകരിച്ചു. അതിവേഗം അതിന് ജീവൻ നൽകി; പ്രവർത്തനങ്ങളും തുടങ്ങി.

വാർദ്ധക്യം ഭാരമല്ലെന്നും അനുഭവസമ്പത്തിന്റെ കരുത്താണെന്നുമാണ് പുതിയ വയോജന നയത്തിന്റെ സന്ദേശം. വയോധികർക്ക് അന്തസ്സോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ വഴിയൊരുക്കുമെന്നാണ് സർക്കാർ ഇതിലൂടെ നൽകുന്ന ഉറപ്പ്. സാമ്പത്തിക സുരക്ഷയും ആരോഗ്യപരിചരണവും ലഭ്യമാക്കി കേരളത്തെ വയോജന സൗഹൃദമാക്കുകയാണ് നയ പരിഷ്കരണത്തിന്റെ ലക്ഷ്യം. വാർദ്ധക്യം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരങ്ങളും കണ്ടെത്തും. താഴ്ന്ന വരുമാനക്കാർക്ക് രോഗപ്രതിരോധം, ചികിത്സ, ദീർഘകാല പരിചരണം എന്നിവ ഉൾപ്പെടുന്ന പ്രത്യേക ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രധാന നിർദ്ദേശമാണ്. സബ്‌സിഡി നിരക്കിലാകും പ്രീമിയം.

സാംക്രമികേതര രോഗങ്ങൾ കണ്ടെത്താനും തടയാനും പരിശോധന 35 വയസ്സു മുതൽ നിർബന്ധമാക്കും. പാർക്കിൻസൺ രോഗം മുൻകൂട്ടി കണ്ടെത്തൽ, നാഡീവ്യവസ്ഥ പരിശോധന, മറവിരോഗ പരിശോധന എന്നിവയ്ക്ക് സൗകര്യമൊരുക്കും. രോഗങ്ങളിൽ നിന്ന് മുതിർന്നവരെ രക്ഷിക്കാൻ പ്രതിരോധ കുത്തിവയ്‌പ് പദ്ധതി വികസിപ്പിക്കും. അർഹതയുള്ളവർക്ക് അത് സൗജന്യമായും മറ്റുള്ളവർക്ക് താങ്ങാവുന്ന ചെലവിലുമായിരിക്കും. മരുന്ന്, മസ്റ്ററിംഗ്, റേഷൻ തുടങ്ങിയ സ‌ർക്കാർ സേവനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ വഴി വീട്ടുവാതിൽക്കലെത്തിക്കും.

65 വയസ്സ് കഴിഞ്ഞവർക്കായി വയോമിത്രം പദ്ധതിയിലൂടെ ആരോഗ്യ, മാനസികോല്ലാസ സേവനങ്ങൾ നൽകും.

വയോജനോത്സവങ്ങളും കായികമേളകളും സംഘടിപ്പിച്ച് അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരും. വയോജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക ഡാറ്റാബേസ് തയ്യാറാക്കും. ഐക്യരാഷ്ട്ര സഭയുടെയും ലോകാരോഗ്യ സംഘടനയുടെയും നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. നിലവിലുള്ള നിയമങ്ങളിലെ പോരായ്മകൾ പരിഹരിച്ച് വയോജനങ്ങളുടെ പ്രവർത്തനശേഷി പ്രയോജനപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം.

70 വയസ് കഴിഞ്ഞവർക്ക് സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. എന്നാൽ ഇതിന് ന്യൂനതകളുണ്ടെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ വാദം. വരുമാന പരിധി നിഷ്കർഷിക്കാത്തതാണ് പ്രശ്നം. 70 കഴിഞ്ഞ കോടീശ്വരന്മാർക്കും അഞ്ചു ലക്ഷത്തിന്റെ ഇൻഷ്വറൻസ് പരിരക്ഷ കിട്ടുന്നവിധമാണ് നിലവിലെ പ്രഖ്യാപനം. പ്രീമിയത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്. ഇത് കേരളത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതയാകും. അതിനാൽ ക്ഷേമ പെൻഷന്റെ അർഹതാ പട്ടികയിലുള്ളവർക്കായി ആരോഗ്യ ഇൻഷ്വറൻസ് പരിമിതപ്പെടുത്തണമെന്നാണ് ആവശ്യം.

കൈത്താങ്ങിന്

കമ്മിഷൻ

വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമാണ് മുൻ രാജ്യസഭാംഗം കെ. സോമപ്രസാദ് അദ്ധ്യക്ഷനായി സംസ്ഥാന വയോജന കമ്മിഷൻ രൂപീകരിച്ചിട്ടുള്ളത്. വയോജനങ്ങളുടെ കഴിവുകളും പരിചയസമ്പത്തും പൊതുസമൂഹത്തിന് പ്രയോജനപ്പെടുത്തുക, മാർഗനിർദ്ദേശങ്ങൾ നൽകുക, പുനരധിവാസത്തിന് സഹായിക്കുക, പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുക, അവകാശസംരക്ഷണം ഉറപ്പുവരുത്തുക എന്നിവയാണ് ലക്ഷ്യം. അഭിപ്രായ രൂപീകരണത്തിനുള്ള ജില്ലാതല യോഗങ്ങളുമായി കമ്മിഷൻ പെട്ടെന്നുതന്നെ കർമ്മരംഗത്തിറങ്ങിക്കഴിഞ്ഞു. മുതിർന്ന പൗരന്മാരുടെ പ്രതിനിധികളായി ഈ രംഗത്തെ സംഘടനകളുടെ ഭാരവാഹികൾ, പെൻഷൻ സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവരെയാണ് പങ്കെടുപ്പിക്കുന്നത്. ജനുവരി പകുതിയോടെ എല്ലാ ജില്ലകളിലും സിറ്റിംഗ് പൂർത്തിയാക്കും. അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സർക്കാരിന് സമയബന്ധിത റിപ്പോർട്ട് നൽകാനാണ് തീരുമാനം.

നാളെ: ഇരുട്ടല്ല, വെട്ടമാണ് അരികിൽ

ബോക്സ് മാറ്റർ

...............................

നയത്തിലെ

നിർദ്ദേശങ്ങൾ

  • പരാശ്രയം കൂടാതെ ജീവിക്കാനാകാത്തവർക്ക് താത്കാലിക പരിചരണത്തിന് വിശ്രമകേന്ദ്രങ്ങൾ, പരിചരണ കേന്ദ്രങ്ങൾ.
  • സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജനറൽ ആശുപത്രികളിലും ജീവിതാന്ത്യ പരിചരണം. വാർദ്ധക്യ രോഗ ചികിത്സാ വിദഗ്‌ദ്ധരുടെ സേവനം.
  • വയോജനങ്ങൾക്കെതിരായ അതിക്രമം തടയാനും കുറ്റവാളികൾക്ക് കർശനശിക്ഷ ഉറപ്പാക്കാനും സംസ്ഥാന നിയമം. വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് സംവിധാനം.
  • വാർദ്ധക്യവിജ്ഞാന പഠനമേഖലയിൽ മികവിന്റെ കേന്ദ്രം. തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കാൻ നൈപുണ്യ രജിസ്ട്രി. വയോജന സൗഹൃദ സർക്കുലർ ബസ് സർവീസ്.
  • താലൂക്ക്, ജില്ലാ ആശുപത്രികളിൽ വിഷാദം, മറവി, ഏകാന്തത തുടങ്ങിയ മാനസികാരോഗ്യ വെല്ലുവിളികൾക്ക് ചികിത്സാ പരിപാടികൾ.
  • ആരോഗ്യ തിരിച്ചറിയൽ കാർഡ്. ഇ- ഹെൽത്ത് സംവിധാനം, ടെലി മെഡിസിൻ. മുതിർന്നവരെ പരിചരിക്കുന്നവർക്ക് സാമ്പത്തിക സഹായം.

കമന്റ്

..............

കരട് വയോജന നയത്തിൽ പൊതുജനങ്ങളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളുടെ പരിശോധന പൂർത്തിയായി. പരിഗണാർഹമായ നിർദ്ദേശങ്ങൾ ഉടൻ സർക്കാരിന് സമർപ്പിക്കും.

- എസ്. ജലജ,

അഡി. ഡയറക്ടർ,​ സാമൂഹികനീതി വകുപ്പ്