ട്യൂഷൻ വിദ്യാർത്ഥിനിക്ക് പീഡനം: അദ്ധ്യാപകൻ അറസ്റ്റിൽ

Saturday 03 January 2026 11:33 PM IST

കരമന: പൂജപ്പുരയിലെ ട്യൂഷൻ സെന്ററിൽ പ്ലസ്‌ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ.കരിക്കകം സ്വദേശി സുബിൻ സ്റ്റെല്ലസാണ് അറസ്റ്റിലായത്.ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.ഡിസംബർ 31നായിരുന്നു സംഭവം.പൂജപ്പുര കേന്ദ്രീകരിച്ച് നാല് വർഷമായി ട്യൂഷൻ സെന്റർ നടത്തുന്നയാളാണ് സുബിൻ സ്റ്റെല്ലസ്.വിദ്യാർത്ഥിനിയായ 17കാരി സംശയങ്ങൾ ചോദിക്കാനായി സുബിൻ സ്റ്റെല്ലസിനെ സമീപിച്ചപ്പോഴായിരുന്നു പീഡനശ്രമം.

മറ്റ് കുട്ടികൾ പോയ ശേഷമായിരുന്നു സംഭവം.വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം അറിയിച്ചതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു.തുടർന്നായിരുന്നു അറസ്റ്റ്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.