വനിതാ ഹോസ്റ്റലിൽ അർദ്ധരാത്രി മോഷണം
കൊച്ചി: എറണാകുളം നഗരത്തിലെ വനിതാ ഹോസ്റ്റലിൽ അർദ്ധരാത്രി മോഷണം. ഹോസ്റ്റലിലെ മുറികളിൽ ഉറങ്ങിക്കിടന്ന നാല് യുവതികളുടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ ഉൾപ്പെടെ മോഷണം പോയി. രാത്രി ഹോസ്റ്റലിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയത് യുവാവാണെന്ന് സൂചന.
കലൂർ പാവക്കുളം ക്ഷേത്രത്തിന് സമീപം മടത്തിപ്പറമ്പ് ലെയ്‌നിലെ വനിതാ ഹോസ്റ്റലിൽ ശനിയാഴ്ച പുലർച്ചെ 2.45നും നാലിനുമിടെയാണ് മുഖം മറച്ചെത്തിയ യുവാവ് കവർച്ച നടത്തിയത്. വിദ്യാർത്ഥികളും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്നവരും ഉൾപ്പെടെയാണ് ഇവിടെ താമസം.
പാലക്കാട് സ്വദേശിനി ആര്യയുടെ 50000 രൂപ വിലപിടിപ്പുള്ള ലാപ്ടോപ്പും ഇതേമുറിയിൽ താമസിക്കുന്ന മറ്റൊരു യുവതിയുടെ 12000 രൂപ വിലയുള്ള മൊബൈൽ ഫോണും മോഷണം പോയി. മറ്റു രണ്ടു യുവതികളുടെ പേഴ്സിൽ നിന്ന് പണവും ആധാർകാർഡ് ഉൾപ്പെടെ തിരിച്ചറിയൽ കാർഡുകളും കവർന്നു. ഹോസ്റ്റലിൽ നിന്നുമെടുത്ത ട്രാവൽബാഗിൽ ഈ സാധനങ്ങൾ ഒളിപ്പിച്ച മോഷ്ടാവ് തിരിച്ചിറങ്ങുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. രാത്രികാലത്ത് ജോലി കഴിഞ്ഞ് തിരിച്ചെത്തുന്ന അന്തേവാസികളുടെ സൗകര്യാർത്ഥം ഹോസ്റ്റലിന്റെ വാതിൽ പൂട്ടിയിരുന്നില്ല. ഇതു മുതലാക്കിയാണ് കള്ളൻ അകത്ത് കടന്നത്.
വനിതാഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ ആളാണ് മോഷ്ടാവെന്ന് സൂചനയുണ്ട്. എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു.