ഛത്തീസ്ഗഢിൽ 14 മാവോയിസ്റ്റുകളെ വധിച്ചു

Sunday 04 January 2026 4:47 AM IST

ന്യൂഡൽഹി: ഛത്തീസ്ഗഢിലെ സുഖ്‌മ, ബിജാപൂർ ജില്ലകളിൽ ജില്ലാ റിസർവ് ഗാർഡ് (ഡി.ആർ.ജി) പ്രധാന നേതാവ് വെട്ടി മാങ്ഡുവു ഉൾപ്പെടെ 14 മാവോയിസ്റ്റുകളെ വധിച്ചു. പ്രമുഖ നേതാക്കൾ കൊല്ലപ്പെടുകയും കീഴടങ്ങുകയും ചെയ്‌തതോടെ സുഖ‌്മയിലെ മാവോയിസ്റ്റ് ഭീഷണി ഒതുങ്ങുന്നു. മാർച്ച് 31ഓടെ മാവോയിസ്റ്റ് ഭീഷണി ഒതുക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്.

കമാൻഡർ ബർസ ദേവ തെലങ്കാനയിൽ കീഴടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് മാവോയിസ്റ്റുകളും സുരക്ഷാ സേനയും ഈ വർഷത്തെ ആദ്യ ഏറ്റുമുട്ടൽ നടന്നത്. കോണ്ട ഏരിയ കമ്മിറ്റി സെക്രട്ടറി വെട്ടി മാങ്ഡു എന്ന മുക്ക അടക്കം 12പേർ രാവിലെ എട്ടുമണിക്ക് സുഖ്‌മയിൽ നടന്ന ഏറ്റുമുട്ടലിൽ

കൊല്ലപ്പെട്ടു. കഴിഞ്ഞ ജൂണിൽ കോണ്ട അഡീഷണൽ എസ്.പി ആകാശ് റാവു ഗിരിപുഞ്ച കൊല്ലപ്പെട്ട സ്ഫോടനത്തിന്റെ സൂത്രധാരനാണ് മുക്ക. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ പല തവണ സുരക്ഷാ സേനയുടെ കൈയിൽനിന്ന് രക്ഷപ്പെട്ടിരുന്നു.

ബീജാപൂരിൽ രണ്ടു പേർ കൊല്ലപ്പെട്ട ഒാപ്പറേഷൻ പുലർച്ചെ അഞ്ചുമണിക്ക് തുടങ്ങിയതായി പൊലീസ് ഐജി സുന്ദർരാജ് പി പറഞ്ഞു. ഏറ്റുമുട്ടൽ സ്ഥലങ്ങളിൽ നിന്ന് എകെ-47, ഇൻസാസ്, എസ്.എൽ.ആർ റൈഫിളുകൾ എന്നിവയുൾപ്പെടെയുള്ള ഓട്ടോമാറ്റിക് ആയുധങ്ങൾ പിടിച്ചെടുത്തു.