അംഗൻവാടിയ്ക്കടുത്ത് നിന്ന് രണ്ട് വലിയ മൂ‍ർഖൻ പാമ്പുകളെ പിടികൂടി

Sunday 04 January 2026 12:00 AM IST
പാമ്പ് പിടുത്ത വിദഗ്ദ്ധൻ ആർ. ജയേഷിന്റെ നേതൃത്വത്തിൽ മൂ‌ർഖൻ പാമ്പിനെ പിടികൂടിയപ്പോൾ

തൊടുപുഴ: പെരുമ്പിള്ളിച്ചിറ അംഗൻവാടിയ്ക്കടുത്ത് നിന്ന് രണ്ട് വലിയ മൂ‍ർഖൻ പാമ്പുകളെ പിടികൂടി. ഇന്നലെ വൈകിട്ട് അ‌ഞ്ചോടെയാണ് ഇണ ചേരുന്ന നിലയിൽ രണ്ട് വലിയ പാമ്പുകളെ അംഗൻ വാടിയ്ക്ക് തൊട്ടടുത്തുള്ള റോഡരികിൽ കണ്ടത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ലക്ഷംവീട് കോളനിയിലേക്ക് പോകുന്ന റോഡാണിത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുട‌ർന്ന് വനംവകുപ്പ് റസ്ക്യൂ ടീമിലെ പാമ്പ് പിടുത്ത വിദഗ്ദ്ധൻ ആ‌ർ. ജയേഷ് സ്ഥലത്തെത്തി. ഈ സമയം സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മൺതിട്ടയിലെ പൊത്തിനുള്ളിലേക്ക് പാമ്പ് കയറിയ നിലയിലായിരുന്നു. പാമ്പുകളിലൊന്നിനെ ഉടൻ തന്നെ ജയേഷ് സുരക്ഷിതമായി പിടികൂടിയെങ്കിലും രണ്ടാമത്തേത് പൊത്തിനുള്ളിലേക്ക് കയറിപോയി. ഏറെ നേരം ശ്രമിച്ചെങ്കിലും പാമ്പ് പുറത്തിറങ്ങാത്തതിനെ തുടർന്ന് കുമാരമംഗലം പ‌ഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ കെ.എം. അൽത്താഫിന്റെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം സ്ഥലത്തെത്തിച്ചു മൺതിട്ട പൊളിച്ചു. തുടർന്ന് ഏഴ് മണിയോടെ പൊത്തിനുള്ളിൽ കുടുങ്ങിയ പാമ്പിനെയും സാഹസികമായി പിടികൂടി. ആറ് മുതൽ ഏഴടി വരെ നീളമുള്ള വലിയ മൂ‌ർഖൻ പാമ്പുകളെയാണ് പിടികൂടിയത്. പിടികൂടിയ പാമ്പുകളെ കുളമാവ് വനത്തിനുള്ളിൽ തുറന്നു വിടും.