അടുക്കള അടച്ചിടേണ്ട,​ വിറക് കീറാൻ ആധുനിക യന്ത്രമെത്തി

Sunday 04 January 2026 12:39 AM IST

മുഹമ്മ: ഏത് കീറാത്ത മുട്ടിയും കീറുന്ന യന്ത്രത്തെക്കുറിച്ചാണ് നാട്ടിലെ ഇപ്പോഴത്തെ ചർച്ച. ഇരുമ്പ് മേശയിൽ തടികൾ കയറ്റിവച്ചാൽ മതി. നിമിഷങ്ങൾക്കകം നെടുകെ പിളരും. പിളർന്ന ഭാഗം വീണ്ടും കമഴ്ത്തി വച്ചാൽ വീണ്ടും കീറും. അങ്ങനെ ഒരു തൊഴിലാളി രണ്ടാഴ്ച കൊണ്ട് കീറുന്ന വിറക്, ഒറ്റദിവസം കൊണ്ട് റെഡിയാക്കും.

നാട്ടിൽ വിറക് കീറാൻ ആളെകിട്ടാനില്ലെന്ന പരാതിയും വേണ്ട. ഗ്യാസ് അടുപ്പിന്റെ ഉപയോഗം സാധാരണമായതോടെ പല വീടുകളിലും വിറക് അടുപ്പ് പുകയാതായി.

പാഴ്‌മരങ്ങൾ മരങ്ങൾ വീണ് നശിക്കാനും തുടങ്ങി. ഇതിനെല്ലാം ഒരു പരിഹാരമെന്ന നിലയിലാണ് പുത്തൻ വിറക് കീറൽ യന്ത്രം നാട്ടിൽ പാഞ്ഞുനടക്കുന്നത്.

മുഹമ്മ പൂജവെളി സ്വദേശിയുടെതാണ് ഈ യന്ത്രം. ആവശ്യക്കാർക്ക് രണ്ടു തൊഴിലാളികളുമായി വീട്ടിലെത്തിച്ചുകൊടുക്കും,​ വിറക് കീറി അടുക്കിക്കൊടുക്കും.

മണിക്കൂറിന് 750 രൂപയാണ് ചാർജ്.

മണ്ണഞ്ചേരി കാവുങ്കൽ രമണന്റെ വീട്ടിലാണ് ആധുനിക വിറക് കീറൽ യന്ത്രം അടുത്തിടെ എത്തിയത്.ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന ഹൈഡ്രോളിക് സംവിധാനവും കുത്തിരുമ്പ് പോലുള്ള മഴുവുമാണ് യന്ത്രത്തിന്റെ പ്രധാന ഭാഗങ്ങൾ.

കറങ്ങിക്കൊണ്ടിരിക്കുന്ന മഴു ഉപയോഗിച്ചും ബ്ളെയ്ഡിൽ അമർത്തിയും വിറകു കീറിയിരുന്ന യന്ത്രത്തിന് പകരക്കാരനായെത്തിയ സംവിധാനം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാണ്. കോടാലി കൊണ്ടെന്നതുപോലെ കീറുന്നതിനാൽ വിറക് നന്നായി കത്തുമെന്നത് യന്ത്രത്തെ അടുക്കളകളിൽ ജനപ്രിയമാക്കിയിരിക്കുകയാണ്.