മകനും പ്രതിശ്രുത വധുവിനും ആശംസ നേർന്ന് പ്രിയങ്ക

Sunday 04 January 2026 12:49 AM IST

ന്യൂഡൽഹി: മകൻ റൈഹാൻ വാദ്ര‌യുടെയും ബാല്യകാല സുഹൃത്ത് അവീവ ബയ്‌ഗും തമ്മിലുള്ള വിവാഹ നിശ്ചയത്തിന് മുന്നോടിയായുള്ള ചടങ്ങിന്റെ ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് പ്രിയങ്കാ ഗാന്ധിയും ഭർത്താവ് റോബർട്ട് വാദ്ര‌യും. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ രന്തംബോറെയിലെ സുജൻ ഷേർ ബാഗ് റിസോർട്ടിൽ കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോ റൈഹാനും സമൂഹ മാദ്ധ്യമങ്ങളിൽ പങ്കിട്ടിരുന്നു. വിവാഹ നിശ്ചയം ഈ മാസം നടക്കും.

മകൻ ജീവിത പങ്കാളിയെ കണ്ടെത്തിയെന്നും സന്തോഷവും സ്നേഹവും ഒരുമയും നിറഞ്ഞ ജീവിതം ആശംസിക്കുന്നതായും റോബർട്ട് വാദ്ര കുറിച്ചു. മൂന്നാം വയസുമുതൽ പരിചയമുള്ള ഇരുവരും പരസ്‌പരം സ്‌നേഹവും ബഹുമാനവും നിലനിറുത്തി നല്ല സുഹൃത്തുക്കളായി തുടരട്ടെയെന്ന് പ്രിയങ്കയും ആശംസിച്ചു.