യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഈ റൂട്ടുകളിലെ ട്രയിനുകൾ വഴിതിരിച്ചു വിടും

Sunday 04 January 2026 10:35 AM IST

തിരുവനന്തപുരം: ട്രാക്കുകളിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചില ട്രെയിനുകളുടെ റൂട്ടുകളിൽ മാറ്റം വരുത്തി ദക്ഷിണ റെയിൽവേ. മധുര, തിരുവനന്തപുരം ഡിവിഷനുകളിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഗുരുവായൂർ-ചെന്നൈ എക്‌സ്‌പ്രസ്(16128) ആലപ്പുഴയ്‌ക്ക് പകരം കോട്ടയം വഴിയാകും ഓടുക.

ഈ മാസം ഏഴ് മുതൽ 10 വരെയും 12 മുതൽ 17 വരെയും 19 മുതൽ 24 വരെയും 26, 27വരെയുമുള്ള തീയതികളിലാകും ഈ മാറ്റം. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. ചില ദിവസങ്ങളിൽ മധുര ഡിവിഷനിൽ മധുര, ദിണ്ടുഗൽ, മണപ്പാറ എന്നീ സ്‌റ്റേഷനുകൾ ഒഴിവാക്കി വിരുദുനഗർ, കാരൈക്കുടി, തിരുച്ചിറപ്പള്ളി വഴിയാകും സർവീസ്. നാല് മുതൽ 11 വരെയും 16,17,18, 21, 22, 23, 24 ,28,29, 30 തീയതികളിലുമാണ് ഇത്തരത്തിൽ സർവീസ് നടത്തുന്നത്.

ചെന്നൈ തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (22207) 9,16,23 തീയതികളിൽ കോട്ടയം വഴിയോടും. എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ട്.

നാഗർകോവിൽ-മുംബൈ എക്‌സ്‌പ്രസ്(16352), കന്യാകുമാരി-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്(12666), കന്യാകുമാരി-ഹൈദരാബാദ് സ്‌പെഷ്യൽ (07229), നാഗർകോവിൽ മുംബൈ എക്‌സ്‌പ്രസ്( നമ്പർ- 16340) എന്നീ ട്രെയിനുകൾ ചില ദിവസങ്ങളിൽ മധുര, ദിണ്ടുഗൽ എന്നീ സ്‌റ്റേഷനുകൾ ഒഴിവാക്കി വിരുദുനഗർ, കാരൈക്കുടി, തിരുച്ചിറപ്പള്ളി വഴി സർവീസ് നടത്തും.