പാലക്കാട് വൃദ്ധയ്ക്ക് നേരെ ലെെംഗികാതിക്രമം; ഒളിവിലായിരുന്ന ബിജെപി  പ്രവർത്തകൻ  പിടിയിൽ

Sunday 04 January 2026 10:42 AM IST

പാലക്കാട്: ആലത്തൂരിൽ വൃദ്ധയ്ക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ പിടിയിൽ. പൊരുളിപ്പാടം സുരേഷിനെയാണ് പഴനിയിൽ നിന്ന് പൊലീസ് പിടികൂടിയത്. പാലക്കാട് ആലത്തൂരിൽ പുറമ്പോക്കിൽ കഴിയുന്ന 65കാരിക്ക് നേരെയായിരുന്നു അതിക്രമം. പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. സുരേഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.

പുലർച്ചെ മൂന്നരയോടെ തനിച്ച് താമസിക്കുന്ന വൃദ്ധയ്ക്ക് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടാകുകയായിരുന്നു. ഉറങ്ങിക്കിടക്കുമ്പോൾ കൂരപൊളിക്കുന്ന ശബ്ദം കേട്ടാണ് വൃദ്ധ ഞെട്ടി ഉണർന്നത്. അതിക്രമത്തിനെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊല്ലാനും പ്രതി ശ്രമിച്ചു. വൃദ്ധ കുതറിമാറി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് സമീപവാസികൾ ഓടിക്കൂടി. ഇവരാണ് വൃദ്ധയെ ആശുപത്രിയിൽ എത്തിച്ചത്. വൃദ്ധയുടെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ സുരേഷ് ഒളിവിൽ പോകുകയായിരുന്നു.

സംഭവം നടക്കുന്നതിന് മുൻപ് പ്രതിയായ സുരേഷും മറ്റ് മൂന്നുപേരും പാടൂർ അങ്ങാടിയിൽ പരസ്യമായി ഇരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മദ്യലഹരിയിൽ അങ്ങാടിയിലെ ഡിവെെഎഫ്ഐയുടെ ഫ്ലക്സ് ബോർഡും ഇവർ തകർത്തു. ഈ കേസിൽ ബിജെപി പ്രവർത്തകരായ വിഷ്ണു, അരവിന്ദ് എന്നിവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സുരേഷിന് പാർട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി കാവശേരി പഞ്ചായത്ത് കമ്മിറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു. എന്നാൽ പാർട്ടി ബന്ധം തെളിയിക്കുന്ന സുരേഷിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.