പണം കുമിഞ്ഞുകൂടാൻ നരബലി; എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ
Sunday 04 January 2026 11:36 AM IST
ബംഗളൂരു: പണത്തിനുവേണ്ടി എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനെ മാതാപിതാക്കൾ ബലിയർപ്പിക്കാൻ ശ്രമിച്ചതായി വിവരം. ബംഗളൂരുവിലെ ഗ്രാമപ്രദേശമായ ഹൊസക്കോട്ടെയിലാണ് സംഭവം. ചടങ്ങുകൾ നടക്കുന്നതിനിടെ ശിശുക്ഷേമസമിതിയിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.
പൗർണമി നാളായ ഇന്നലെ ജനത കോളനിയിലെ സെയ്ദ് ഇമ്രാന്റെ വീട്ടിലായിരുന്നു സംഭവം. ഇയാളെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബലി കൊടുക്കുന്നതിനായി കുഞ്ഞിനെ വിലയ്ക്ക് വാങ്ങുകയായിരുന്നു. സമീപവാസികൾ വിവരമറിയിച്ചതോടെയാണ് ശിശുക്ഷേമസമിതിയിലെ അംഗങ്ങളെത്തി രക്ഷപ്പെടുത്തിയത്. ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീട്ടിൽ ബലിത്തറ അടക്കം സജ്ജമാക്കിയിരുന്നു. സംഭവത്തിൽ സുലിബെലെ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.