'സ്വന്തം പേരുവരെ മറന്നുപോയി,​ അടുത്തുനിൽക്കുന്നയാളെ തിരിച്ചറിയാതെയായി'; തുറന്നുപറഞ്ഞ് നടൻ ജോബി

Sunday 04 January 2026 12:37 PM IST

ഒരുകാലത്ത് സിനിമയിലും സീരിയലുകളിലും സജീവമായി തിളങ്ങിയ നടനായിരുന്നു ജോബി. ദൂരദർശനിൽ സംപ്രേഷണം ചെയ്ത സീരിയലുകളിലൂടെയാണ് അദ്ദേഹം മലയാളികളുടെ പ്രിയതാരമായി മാറിയത്. 2023ൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ച ജോബി ഇപ്പോൾ കൂടുതലും ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന സംഘടനകളിൽ സജീവമാണ്. ഇപ്പോഴിതാ ജോബി അടുത്തിടെ തനിക്ക് അനുഭവപ്പെട്ട ഒരു ബുദ്ധിമുട്ടിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്.

'പുറത്തുനിന്ന് ആരെങ്കിലും എന്നെ നോക്കി ചിരിക്കുമ്പോൾ എനിക്കതിൽ സന്തോഷമേയുള്ളൂ. എന്നെ അവരൊക്കെ അറിയുന്നല്ലോയെന്നത് വലിയൊരു കാര്യമാണ്. ഞാൻ ഇന്നുവരെ ബോഡിഷെയ്മിംഗ് അനുഭവിച്ചിട്ടില്ല. എല്ലാവർക്കും എന്നോട് ഇഷ്ടമായിരുന്നു. ഞാൻ കൂടുതലും നാടകം ചെയ്തിരുന്നു. ഇപ്പോഴും നാടകം കളിക്കുന്നുണ്ട്. സുഹൃത്തായ പ്രകാശിനോടൊപ്പം ജീവൻ മരണ പോരാട്ടമെന്ന നാടകം കളിക്കുന്നുണ്ട്. എനിക്ക് പെട്ടെന്ന് മറവിയുടെ ഒരു അസുഖം വന്നു. സ്വന്തം പേരുവരെ മറന്നുപോയി. അടുത്ത് നിൽക്കുന്നയാളെ മറന്നുപോയി. അതുകൊണ്ട് എനിക്ക് പേടിയായി. അങ്ങനെയാണ് നാടകം കളിക്കണമെന്ന വാശിയുണ്ടായത്. അമ്മയ്ക്ക് അൾഷിമേഴ്സാണ്. എനിക്കും അത് വരുമോയെന്ന പേടിയായി പോയി. അങ്ങനെയാണ് നാടകത്തിൽ സജീവമായത്. പിന്നീട് ആ പേടി മാറി. ഇനിയുള്ള കാലത്ത് ഓർമ പോകില്ലെന്നാണ് എന്റെ വിശ്വാസം. സാങ്കേതികവിദ്യ മാറി കൊണ്ടിരിക്കുകയാണല്ലോ'-ജോബി പറഞ്ഞു.

തിരുവനന്തപുരം സ്റ്റാച്യുവിലുള്ള കെഎസ്എഫ്ഇ അർബൻ റീജിയണൽ ഓഫീസിൽ നിന്ന് സീനിയർ മാനേജരായിട്ടാണ് ജോബി വിരമിച്ചത്. സിനിമയിൽ നിന്നും സ്ഥിരവരുമാനം കിട്ടാതെ വന്നതോടെയാണ് പിഎസ്‌സി പരീക്ഷ എഴുതി ജൂനിയർ അസിസ്റ്റന്റായി സർവീസിൽ കയറിയതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ നേരത്തെ പറഞ്ഞിട്ടുണ്ട്. അൻപതിലധികം സിനിമകളിലും നൂറോളം നാടകങ്ങളിലും ജോബി ഇതിനകം അഭിനയിച്ചിട്ടുണ്ട്. 2018ൽ മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. എന്നാലും ശരത്ത് എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.