ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പരാതി; രാഹുൽ ഈശ്വറിനെതിരെ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരി

Sunday 04 January 2026 2:19 PM IST

തിരുവനന്തപുരം: ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതി നൽകിയ യുവതി. രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. പരാതിക്കാരിക്കെതിരെ രാഹുൽ ഈശ്വർ വീണ്ടും വീഡ‍ിയോ ചെയ്തിരുന്നു. എഐജിക്ക് കിട്ടിയ പരാതി സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരിയെ അധിക്ഷേപിക്കരുതെന്നായിരുന്നു രാഹുലിന് നൽകിയിരുന്ന ജാമ്യവ്യവസ്ഥ.

ഇന്നലെ യുവതിയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയിരുന്നു. തന്റെ അസാന്നിദ്ധ്യം രാഹുല്‍ അവസരമാക്കി ഭാര്യയെ ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചു എന്നായിരുന്നു പരാതി. ഈ പരാതിയെ അടിസ്ഥാനമാക്കി രാഹുല്‍ ഈശ്വര്‍ ഇന്നലെ വീഡിയോ ചെയ്തിരുന്നു. ഇതിനെതിരെയാണ് യുവതി പരാതി നല്‍കിയത്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് അടുത്തിടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്.

രാഹുൽ ഈശ്വർ വീഡിയോയിൽ പറഞ്ഞത്

സത്യത്തിൽ ആ യുവതിയുടെ ഭർത്താവല്ലേ ഇര. അയാളുടെ സമ്പത്തും ജീവിതവുമല്ലേ തകർന്നത്. ആ ചെറുപ്പക്കാരനോടൊപ്പമാണ് എല്ലാവരും നിൽക്കേണ്ടത്. ഞാൻ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചോ അതിനേക്കാളുപരി ആ ചെറുപ്പക്കാരനോടൊപ്പം നിൽക്കുന്നു. സത്യത്തിൽ അവനാണ് അതിജീവിതൻ. അവനേയും രാഹുലിനെയും പ​റ്റിച്ചത് ആരാണ്? ചിന്തിച്ചുനോക്കൂ. രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ സത്യങ്ങൾ പുറത്തുവരികയാണ്. എന്നെ പോലെ ഒരു ശതമാനം ആളുകൾ മാത്രമാണ് സത്യം പറയുന്നത്. കള്ള പരാതികൾക്കെതിരെ നമുക്ക് പ്രതിരോധം തീർക്കാം.