വെനസ്വേല-യുഎസ് സംഘർഷം: പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യ

Sunday 04 January 2026 4:11 PM IST

ന്യൂഡൽഹി: വെനസ്വേലയിൽ യുഎസ് സൈന്യം നടത്തിയ മിന്നൽ ആക്രമണത്തിലും പ്രസിഡന്റ് നികോളാസ് മഡുറോയുടെ അറസ്റ്റിലും കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വെനസ്വേലയിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വെനസ്വേലയിലെ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

'വെനസ്വേലയിലെ നിലവിലെ സംഭവവികാസങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണ്. ബന്ധപ്പെട്ട എല്ലാ കക്ഷികളും ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണം. മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ എല്ലാവരും സംയമനം പാലിക്കണം,' വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു. വെനസ്വേലയിലേക്കുള്ള അനാവശ്യ യാത്രക്കൾ ഒഴിവാക്കാൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. കാരക്കാസിലെ ഇന്ത്യൻ എംബസി അവിടെയുള്ള ഇന്ത്യൻ പൗരന്മാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇന്നലെ രാത്രി വൈകി വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ സൈനിക സമുച്ചയത്തിൽ യുഎസ് ഡെൽറ്റ ഫോഴ്സ് നടത്തിയ സാഹസികമായ നീക്കത്തിനൊടുവിലാണ് പ്രസിഡന്റ് മഡുറോയും ഭാര്യ സിലിയയും പിടിയിലായത്. 1989ലെ പനാമ അധിനിവേശത്തിന് ശേഷം ലാറ്റിൻ അമേരിക്കയിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക ഇടപെടലാണിത്. മയക്കുമരുന്ന് കടത്ത്, ഭീകരവാദ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മഡുറോയെ ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കും. തിങ്കളാഴ്ചയോടെ അദ്ദേഹം കോടതിയിൽ വിചാരണ നേരിടുമെന്നാണ് റിപ്പോർട്ടുകൾ.

മഡുറോയുടെ അറസ്റ്റിന് പിന്നാലെ ഫ്‌ളോറിഡയിലെ മാർഎലാഗോയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തു. സുരക്ഷിതവും സുതാര്യവുമായ ഭരണമാറ്റം സാദ്ധ്യമാകുന്നത് വരെ വെനസ്വേലയുടെ ഭരണം അമേരിക്ക നിയന്ത്രിക്കുമെന്നും, വെനസ്വേലൻ ജനതയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാത്ത മറ്റാരെങ്കിലും അധികാരം പിടിച്ചെടുക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.