'ഭാവിയിൽ സ്‌കൂൾ ആക്രമിക്കുന്നവർ' ഖ്വാജയുടെ മക്കൾക്ക് നേരെയുണ്ടാകുന്ന സൈബർ ആക്രമണങ്ങൾ ചർച്ചയാകുന്നു

Sunday 04 January 2026 5:08 PM IST

മെൽബൺ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരമായ ഉസ്‌മാൻ ഖ്വാജയും കുടുംബവും നേരിട്ട സൈബർ ആക്രമണങ്ങൾ ചർച്ചയാകുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ന് ആരംഭിച്ച ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്‌റ്റോടെ രാജ്യാന്തര കരിയർ അവസാനിപ്പിക്കുന്നതായി താരം പ്രഖ്യാപനം നേരത്തെ നടത്തിയത്. പാക് വംശജനായതിന്റെ പേരിൽ ടീമിൽ നിന്നും വംശീയ വിവേചനം നേരിട്ടിരുന്നെന്നും വാർത്താസമ്മേളനത്തിൽ താരം തുറന്നുപറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഖ്വാജയ്‌ക്കും കുടുംബത്തിനും നേരെയുണ്ടായ സൈബർ ആക്രമണം വലിയ ചർച്ചയായത്.

39കാരനായ ഉസ്‌മാൻ ഖ്വാജ പാകിസ്ഥാനിലാണ് ജനിച്ചത്. ഓസ്‌ട്രേലിയൻ ടീമിൽ കളിക്കുന്ന ആദ്യ മുസ്ലിം ആണ് അദ്ദേഹം. കരിയറിലുടനീളം തന്നെ വ്യത്യസ്‌തനായാണ് കണ്ടിരുന്നതെന്നും പരിക്കിന്റെ പേരിൽ തനിക്കെതിരെ ഉണ്ടായ വിമർശനങ്ങളിൽ പോലും വംശീയാധിക്ഷേപത്തിന്റെ സ്വരം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബറിൽ സിഡ്‌നിയിലെ ബോണ്ടയ്‌ ബീച്ചിൽ നടന്ന ഭീകരാക്രമത്തിനു പിന്നാലെ ഖ്വാജയ്‌ക്കും കുടുംബത്തിനും എതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടന്നത്. ബോണ്ടയ് ബീച്ചിൽ നടന്ന ഹനുക്ക എന്ന ജൂത ആഘോഷത്തിൽ എത്തിയവർക്കു നേരെയുണ്ടായ വെടിവ‌യ്‌പിൽ 15 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നിൽ പാക് വംശജരാണന്ന് ആദ്യം റിപ്പോർട്ട് വന്നതോടെയാണ് ഖവാജയ്‌ക്കും കുടുംബത്തിനുമെതിരെ അധിക്ഷേപങ്ങൾ ആരംഭിച്ചത്.

സാമൂഹമാദ്ധ്യമങ്ങളിലൂടെ ഖ്വാജയുടെ ഭാര്യ റെയ്‌ച്ചൽ വിദ്വേശ കമൻഡുകളുടെ സ്‌ക്രീൻ ഷോട്ടുകൾ പങ്കുവച്ചിരുന്നു. ഖ്വാജയുടെ ചെറിയ രണ്ട് പെൺകുട്ടികളെ പോലും ഭീകരവാദികളായി ചിത്രീകരിക്കുന്നതാണ് കമന്റുകൾ. ഭാവിയിൽ സ്‌കൂളുകൾ ആക്രമിക്കുന്നവർ എന്ന തരത്തിലാണ് കുട്ടികൾക്കെതിരെ വന്നിരിക്കുന്ന പല കമന്റുകളും. താരത്തിനോടും കുടുംബത്തിനോടും പാകിസ്ഥാനിലേക്ക് മടങ്ങിപോകണമെന്നും മറ്റു ചിലർ കമന്റുകളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.