എക്സൈസിനെയും, പൊലീസിനെയും വെട്ടിച്ച് കടത്ത്, ഹൈബ്രിഡ് കഞ്ചാവിൽ കിറുങ്ങി യുവാക്കൾ
കോട്ടയം : പരിശോധന കർശനമാക്കിയിട്ടും പുതുവർഷാഘോഷത്തിനായി ജില്ലയിലേയ്ക്ക് വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് എത്തിയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. കഞ്ചാവിന്റെ ചെറിയ അംശം പോലും പിടികൂടാനായില്ലെന്ന് എക്സൈസും പൊലീസും സമ്മിതിക്കുന്നു. ഹൈബ്രിഡ് കഞ്ചാവിന് വേണ്ടി മാത്രം ജില്ലയിൽ പ്രത്യേകം ആവശ്യക്കാരുണ്ട്. ഭൂരിഭാഗവും 28 വയസിൽ താഴെയുള്ളവർ. മലേഷ്യയും തായ്ലൻഡും വഴി കൊച്ചിയിലെത്തിക്കുന്ന കഞ്ചാവ് ജില്ലയിൽ വിതരണം ചെയ്യാൻ പ്രത്യേക സംഘമുണ്ട്. മാരക രാസവസ്തുക്കളിൽ നാലോ ആറോ മാസം കഞ്ചാവ് ഇട്ടുവച്ചാണ് ഹൈഡ്രോ കഞ്ചാവ് എന്ന് അറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവ് നിർമ്മിക്കുന്നത്. തുടർന്ന് ഇത് ഉണക്കിയെടുക്കും. ശേഷം ഒരുഗ്രാം വീതമുള്ള ഉരുളകളാക്കിയാണ് വില്പന. വിലയും, ലാഭവും, ലഹരിയും കൂടുതലാണെന്നതാണ് കച്ചവടക്കാർക്ക് പ്രിയമാകുന്നത്. ഭായിമാരെ കേന്ദ്രീകരിച്ച് ഒരു വിഭാഗം കച്ചവടം കൊഴിപ്പിക്കുമ്പോൾ വിദ്യാർത്ഥികളും തൊഴിൽ രഹിതരുമായ യുവാക്കളെ പണമടക്കം നൽകി കഞ്ചാവ് കടത്തിന് ഉപയോഗിക്കുന്നവരുമുണ്ട്.
ഉണർത്തുക തലച്ചോറിനെ
ഹൈബ്രിഡ് കഞ്ചാവിൽ ലഹരിയുടെ അംശം കൂടുതലായിരിക്കും. കൂടുതൽ ഊർജ്ജം നൽകി തലച്ചോറിനെ കൂടുതൽ ഉണർത്തുകയാണ് ഹൈബ്രിഡ് കഞ്ചാവിന്റെ റോൾ. സാധാരണ കഞ്ചാവ് ഉപയോഗിക്കുമ്പോൾ ലഭിക്കുന്നതിനെക്കാൾ കൂടിയ അളവിൽ ലഹരി ലഭിക്കുകയും അത് മണിക്കൂറുകളോളം നിലനിൽക്കുകയും ചെയ്യും. ചിലർ ഹൈബ്രിഡ് കഞ്ചാവിനൊപ്പം ചില സിന്തറ്റിക്ക് ലഹരി വസ്തുക്കളും ചേർക്കാറുണ്ട്. ലഹരി ഉണ്ടാക്കുന്ന ഘടകങ്ങളുടെ തോതനുസരിച്ചാണ് ഹൈബ്രിഡ് കഞ്ചാവുകളുടെ വില നിശ്ചയിക്കുന്നത്.
ഗുരുതര പ്രത്യാഘാതം
സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ മരണത്തിനിടയാക്കും
ഓർമ്മ നഷ്ടപ്പെട്ട് തളർന്നുവീഴുന്ന അവസ്ഥയുണ്ടാകും
ഉപയോഗിച്ചു നോക്കി പിന്നീട് വിലയ്ക്കുവാങ്ങാൻ സൗകര്യം
ഒന്നേകാൽ കഞ്ചാവുമായി പിടിയിൽ
ഒന്നേകാൽ കിലോ കഞ്ചാവുമായി പുല്ലരിക്കുന്ന് സ്വദേശി അമൽ വിനയചന്ദ്രനെ (25) നെ എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പി.ജി. രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇയാൾ കഞ്ചാവ് നൽകിയിരുന്നതായി നേരത്തേ പരാതി ലഭിച്ചിരുന്നു. ഈ വർഷം ആദ്യമായാണ് ഒരു കിലോയ്ക്ക് മേൽ കഞ്ചാവ് പിടികൂന്നത്. പിന്നിൽ കൂടുതൽ ആളുകളുള്ളതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മാരായ അരുൺ സി ദാസ്, ഹരിഹരൻ പോറ്റി , പ്രിവന്റ്രീവ് ഓഫീസർ മാരായ ജോസഫ് കെ ജി, അഫ്സൽ കെ, ഉണ്ണികൃഷ്ണൻ കെ പി, പ്രവീൺ ശിവാനന്ദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രദീപ് എം ജി, ശ്യാം ശശിധരൻ, അരുൺലാൽ ഒ എ, അജു ജോസഫ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.ജി. അമ്പിളി എന്നിവർ റെയ്ഡിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.