കൈത്തറി സഹകരണ സംഘങ്ങൾ പ്രതിസന്ധിയിൽ

Monday 05 January 2026 1:41 AM IST

വക്കം: ചിറയിൻകീഴ് താലൂക്കിൽ പ്രവർത്തിച്ചിരുന്ന കൈത്തറി സഹകരണ സംഘങ്ങളിൽ ഭൂരിഭാഗവും ഇന്ന് ഊടും പാവും നെയ്യാനാവാതെ വീർപ്പുമുട്ടുകയാണ്. കൈനൂലിന്റെ വിലവർദ്ധന കാരണം ഡബിൾ മുണ്ടിന് ആയിരം രൂപയോളം എത്തിയിട്ടുണ്ട്. കൈനൂലിന്റെ ഉദ്പാദനം കേന്ദ്ര ഗവണ്മന്റ് കുറച്ചതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പ്രവർത്തന മൂലധനത്തിന്റെ അഭാവവും കടഭാരവുമാണ് സംഘങ്ങൾ പൂട്ടാൻ കാരണം.

സംഘങ്ങളുടെ കടബാദ്ധ്യത എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ ചില പാക്കേജുകൾ കൊണ്ടുവന്നെങ്കിലും നിബന്ധനകൾ പ്രാഥമിക കൈത്തറി സംഘങ്ങൾക്ക് നടപ്പിലാക്കുവാൻ കഴിയുന്നതായിരുന്നില്ലെന്നും അനുവദിക്കപ്പെട്ട പാക്കേജിന്റെ ഗുണം മിക്ക സംഘങ്ങൾക്കും കിട്ടിയില്ലെന്നും പരാതിയുണ്ട്.

തൊഴിലാളികൾ കുറവ്

കുറഞ്ഞ കൂലിനിരക്കായതിനാൽ പുതുതായി തൊഴിലാളികൾ ഈ മേഖലയിലേക്ക് എത്താതായി. പ്രതിദിനം 150 രൂപ പോലും ലഭിക്കാത്ത സ്ഥിതിയാണ്. ഇപ്പോഴുള്ള തൊഴിലാളികളെങ്കിലും നിലനിൽക്കണമെങ്കിൽ മിനിമം കൂലിനിരക്ക് പുതുക്കി നിശ്ചയിക്കേണ്ടതായുണ്ട്. സർക്കാർ കൈത്തറി വസ്ത്ര പ്രചാരണം, സ്കൂൾ യൂണിഫോം പദ്ധതി എന്നിവ സംഘങ്ങളിലൂടെ നടപ്പാക്കിയതാണ് ആകെയുള്ള ആശ്വാസം.അതുപോലെ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് റിബേറ്റ് കുടിശികയില്ലാതെ നൽകിയത് സഹകരണസംഘങ്ങൾക്ക് ആശ്വാസമായിരുന്നു.

സംഘങ്ങൾ കുറഞ്ഞു

ചിറയിൻകീഴ് താലൂക്കിൽ നഗരൂർ,​ഒറ്റൂർ,​കീഴാറ്റിങ്ങൽ,​ചിറയിൻകീഴ്,​കിഴുവിലം,​കൈലാത്തുകോണം,​ വേങ്ങോട്,​ആറ്റിങ്ങലിൽ അവനവഞ്ചേരി എന്നിവിടങ്ങളിലായി 9സംഘങ്ങൾ പ്രവർത്തിച്ചിരുന്നു.

ഇപ്പോൾ അവനവഞ്ചേരി,​കൈലാത്തുകോണം,​കിഴുവിലം എന്നീ സംഘങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. 21ഇനം ഉല്പന്നങ്ങൾ കൈത്തറി മാത്രമേ നിർമ്മിക്കാവൂ എന്ന റിസർവേഷൻ എടുത്തു കളഞ്ഞതാണ് സംഘങ്ങളെ തളർത്തിയത്.

ചിറയിൻകീഴ് താലൂക്കിലെ തൊഴിലാളികൾ

മുൻപ് 4800ലധികം

ഇപ്പോൾ 150ൽ താഴെ

പവർലൂം വഴി കുറഞ്ഞ വിലയ്ക്ക് ഉല്പന്നങ്ങൾ വന്നതോടെ ഗുണമേന്മ നോക്കാതെ ഉപഭോക്താക്കൾ അവ വാങ്ങാൻ തുടങ്ങി.

ഗുണമേന്മയുള്ള കൈത്തറി ഡബിൾ മുണ്ടിന് ഇന്ന് 700 രൂപ കൊടുക്കണം. എന്നാൽ പവർലൂമിലെ മുണ്ടിന് 250 രൂപയേ വിലയുള്ളൂ.

പൂട്ടിക്കിടക്കുന്ന കൈത്തറി സംഘങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികൾ ചിതലരിക്കുകയാണ്.