അഞ്ചുതെങ്ങിൽ സ്മാർട്ട് മാർക്കറ്റ് വേണം

Monday 05 January 2026 1:41 AM IST

കടയ്ക്കാവൂർ: മത്സ്യഗ്രാമമായ അഞ്ചുതെങ്ങിൽ ഒരു പൊതുമാർക്കറ്റ് വേണമെന്നാവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. മുതലപ്പൊഴി ഹാർബർ പോലുള്ള മത്സ്യബന്ധനവും വിപണനവും നടക്കുന്ന ഇവിടെ പൊതുമാർക്കറ്റ് അനിവാര്യമാണ്. തീരദേശവാസികൾ ഏറെയും കടയ്ക്കാവൂർ - വക്കം മാർക്കറ്റുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഈ മാർക്കറ്റുകളേറെയും പൊളിച്ചിട്ടിരിക്കുകയാണ്.

അഞ്ചുതെങ്ങിലും ചുറ്റുവട്ടത്തും ലെെസൻസോടുകൂടിയ ഒരു സ്വകാര്യ മത്സ്യമാർക്കറ്റും അംഗീകാരമില്ലാത്ത മറ്റ് മത്സ്യ മാർക്കറ്റുകളുമാണുള്ളത്. അംഗീകാരമില്ലാത്തവയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്.

സാധാരണക്കാരായ ജനങ്ങൾക്ക് വിപണനം നടത്താൻ അടുത്തുള്ള മാർക്കറ്റുകളെ ആശ്രയിക്കുകയാണ് പതിവ്. നിലവിൽ പൊതുമാർക്കറ്റ് ഇല്ലാത്തതിനാൽ വ്യാപാരികൾ പ്രതിസന്ധിയിലാണ്. റോഡിന്റെ വശങ്ങളിൽ കച്ചവടക്കാർ ഒത്തുകൂടുന്നത് ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്.

ആവശ്യം ശക്തം

ജനങ്ങൾക്ക് എളുപ്പത്തിൽ വന്നുപോകാൻ കഴിയുന്ന അനുയോജ്യമായ സ്ഥലം കണ്ടെത്തി അത്യാധുനിക സൗകര്യങ്ങളോടെ മാർക്കറ്റ് വേണമെന്നതാണ് ജനങ്ങളുടെ ആവശ്യം. അതുവഴി പഞ്ചായത്തിന് ഒരു സ്ഥിര വരുമാനവും ലഭിക്കും. ഇവിടെത്തെ സാധനങ്ങൾ വിപണനം ചെയ്യനൊരു വിപണിയാകുകയും ചെയ്യും. വിഷരഹിതമായ മത്സ്യങ്ങൾ സുലഭമായി വിപണനം ചെയ്യാനും സാധിക്കും.