കേരളത്തെ നടുക്കിയ ആലുവ മാഞ്ഞൂരാൻ കൂട്ടക്കൊലയ്ക്ക് കാൽ നൂറ്റാണ്ട്

Monday 05 January 2026 1:04 AM IST

ആലുവ: കോളിളക്കം സൃഷ്ടിച്ച ആലുവ മാഞ്ഞൂരാൻ കൂട്ടക്കൊല നടന്നിട്ട് നാളെ കാൽ നൂറ്റാണ്ട്. 2001 ജനുവരി ആറിനാണ് സബ് ജയിൽ റോഡിൽ മാഞ്ഞൂരാൻ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെസ് മോൻ (14), ദിവ്യ (12), അഗസ്റ്റിന്റെ അമ്മ ക്ലാര (74), സഹോദരി കൊച്ചുറാണി (42) എന്നിവർ അതിനിഷ്ഠൂരമായി കൊല്ലപ്പെട്ടത്.

പൊലീസ് സ്റ്റേഷന് സമീപത്തെ വീട്ടിൽ രണ്ട് മണിക്കൂറിനിടെ ആറ് പേരെ ഒരാൾ തനിച്ച് കൊലപ്പെടുത്തിയിട്ടും പുറം ലോകമറിഞ്ഞത് 24 മണിക്കൂറിന് ശേഷം മാത്രമാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുവും ആലുവ നഗരസഭയിൽ താത്കാലിക ഡ്രൈവറായിരുന്ന ഐ.എം.എക്ക് സമീപം വത്തിക്കാൻ സ്ട്രീറ്റിൽ ആന്റണിയായിരുന്നു കേസിലെ ഏക പ്രതി. ഇയാൾക്കു വിദേശത്തു പോകാൻ കൊച്ചുറാണി വാഗ്ദാനം ചെയ്ത പണം നൽകാത്തതിലുള്ള വൈരാഗ്യമാണു കൂട്ടക്കൊലയിൽ കലാശിച്ചത്.

സംഭവ ദിവസം രാത്രി ഒമ്പതിന് ആന്റണി പണം തേടി മാഞ്ഞൂരാൻ വീട്ടിലെത്തി. അൽപം കഴിഞ്ഞപ്പോൾ അഗസ്റ്റിനും ഭാര്യയും മക്കളും സമീപത്തെ സീനത്ത് തിയേറ്ററിൽ സെക്കൻഡ് ഷോയ്ക്കു പോയി. പണം കിട്ടാതിരുന്നതിനെ തുടർന്ന് കൊച്ചുറാണിയെയും തടയാനെത്തിയ ക്ലാരയെയും ആന്റണി വെട്ടിക്കൊന്നു. അഗസ്റ്റിനും കുടുംബവും സിനിമ കഴിഞ്ഞെത്തും വരെ കാത്തുനിന്ന് അവരെയും കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.

പിറ്റേന്ന് പുലർച്ചെ ആന്റണി ട്രെയിനിൽ മുംബയിലേക്കും അവിടെ നിന്ന് ദമാമിലേക്കും പോയി. ഫെബ്രുവരി 18ന് മുംബയ് വിമാനത്താവളത്തിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. കേസ് അന്വേഷിച്ച ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആന്റണിയെയാണ് കുറ്റക്കാരനായി കണ്ടെത്തിയെങ്കിലും മരിച്ച ബേബിയുടെ വീട്ടുകാർ കൂടുതൽ പ്രതികളുണ്ടെന്നു സംശയിച്ചതിനെ തുടർന്നു ഹൈക്കോടതി അന്വേഷണം സി.ബി.ഐയ്ക്കു കൈമാറി.

വധശിക്ഷയിൽ നിന്നും ജീവപര്യന്തത്തിലേക്ക്

വധശിക്ഷയെ തുടർന്ന് ആന്റണി 13 വർഷം ഏകാന്ത തടവിലായിരുന്നു. ജസ്റ്റിസ് ബി. കെമാൽപാഷ 2005 ഫെബ്രുവരി 2ന് സി.ബി.ഐ കേസിലെ ആദ്യ വധശിക്ഷ വിധിച്ചു. 2006 സെപ്റ്റംബർ 18ന് ഹൈക്കോടതി ശരിവച്ചു. വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തെങ്കിലും 2009ൽ അംഗീകരിച്ചു. തുടർന്നു നൽകിയ പുന:പരിശോധനാ ഹർജി സുപ്രീം കോടതിയും ദയാഹർജി രാഷ്ട്രപതിയും തള്ളി. എന്നാൽ 2014ൽ വധശിക്ഷയ്ക്ക് എതിരായ പുന:പരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് പ്രതിക്ക് വധശിക്ഷയിൽ ഇളവ് ലഭിക്കാൻ വഴിയൊരുക്കി. 2018 ഡിസംബർ 11ന് വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി. പ്രതി ഇപ്പോൾ പരോളിൽ നാട്ടിലുണ്ട്.

കൂട്ടക്കൊല നടന്ന വീടില്ല

കൂട്ടക്കൊല നടന്ന വീട് വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ നിർദ്ദേശപ്രകാരം ബന്ധുക്കൾ പൊളിച്ചുനീക്കി. പരിസരവാസികളുടെ കൂടി അഭ്യർത്ഥന മാനിച്ചായിരുന്നു. അതിർത്തി മതിലുകളില്ലെങ്കിലും പഴയ രണ്ട് പില്ലറുകളിലായി തുരുമ്പെടുത്ത് ഗേറ്റുകളുണ്ട്.