പാതിരാപ്പൂ ചൂടി ഹാരിയറ്റ്, രാമപുരത്തിന് പുതുമ

Monday 05 January 2026 12:21 AM IST

പാലാ : മഞ്ഞിൽ കുളിച്ച ധനുമാസരാവിനെ യു.കെ സ്വദേശിനി ഹാരിയറ്റ് മറക്കില്ല. രാമപുരത്ത് നാലമ്പലങ്ങളുടെ പവിത്രസന്നിധിയിൽ വ്രതശുദ്ധിയോടെ ഹാരിയറ്റും തിരുവാതിര കളിച്ചു. പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ പാതിരാപ്പൂ ചൂടി. രാമപുരം ശ്രീരാമസ്വാമി ക്ഷേത്ര സന്നിധിയിൽ മറ്റു വനിതകൾക്കൊപ്പം ഹാരിയറ്റും തിരുവാതിര രാവിന്റെ ആഘോഷത്തിൽ മുഴുകി. ''ഇതൊരു പുത്തൻ വൈബാണ്. ഹരിയുടെ നാട്ടിലെ ഈ ആചാരാനുഷ്ഠാനങ്ങളും സംസ്‌കാരങ്ങളും എത്രയോ വലുതാണ്''. അടുത്തുനിന്ന ഭർത്താവ് ഹരികൃഷ്ണനെ നോക്കി തൊഴുകൈകളോടെ ഹാരിയറ്റ് പറഞ്ഞു.

38 കാരിയായ ഹാരിയറ്റ് ജനിച്ചതും വളർന്നതും ലണ്ടനിലാണ്. അവിടെ ഫോറൻസിക് സൈക്കോ തെറാപ്പിസ്റ്റാണ്. ലണ്ടനിലെ കമ്പനിയിൽ എച്ച്.ആർ വിഭാഗം മേധാവിയായ ഹരികൃഷ്ണനുമായുള്ള വിവാഹത്തിന് ശേഷം ആദ്യമായാണ് ഭർത്താവിന്റെ നാടായ രാമപുരത്തേക്ക് ഹാരിയറ്റെത്തിയത്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടന്ന തിരുവാതിര അനുഷ്ഠാനങ്ങളിലും തിരുവാതിരകളിയിലും മുഴുവൻസമയവും ഹാരിയറ്റ് പങ്കെടുത്തു.

എല്ലാം ചോദിച്ചറിഞ്ഞു

ഭർത്താവിന്റെ മാതാപിതാക്കളായ റിട്ട.എ.ഇ.ഒ ലളിതാംബിക കുഞ്ഞമ്മ, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് റിട്ട. സൂപ്രണ്ട് കെ.എസ്.ടി. ബാബു എന്നിവരോട് തിരുവാതിര അനുഷ്ഠാനത്തിന്റെ കാര്യങ്ങളെല്ലാം ഹാരിയറ്റ് ചോദിച്ചറിഞ്ഞു. ലോകപ്രശസ്ത ബ്രാന്റിംഗ് ആന്റ് അഡ്വർടൈസിംഗ് കമ്പനിയായ വൂൾഫ് ഓലിൻസിന്റെ ഉടമയായിരുന്ന വോളി ഓലിൻസിന്റെയും ഡോണിയുടെയും ഏക മകളാണ് ഹാരിയറ്റ്. വെള്ളിയാഴ്ച ഹാരിയറ്റും ഹരികൃഷ്ണനും ലണ്ടനിലേക്ക് പറക്കും.