വഴി തുറന്നത് അദ്ധ്യാപികയുടെ കത്ത് രാജ്യത്തെ ആദ്യ ഫയർ ആൻഡ് സേഫ്റ്റി സയൻസ് റിസർച്ച് സെന്റർ അഞ്ചരക്കണ്ടിയിൽ
കണ്ണൂർ: വർഷങ്ങളായി കാടുപിടിച്ചും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ താവളമായും കിടന്ന അഞ്ചരക്കണ്ടി ബംഗ്ലാവ് മെട്ടയിലെ സ്ഥലം ഇനി രാജ്യത്തിന്റെ അഭിമാനമായി മാറും. ഒരു അദ്ധ്യാപികയുടെ തുറന്നകത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെട്ടതോടെ, സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യത്തെ ഫയർ ആൻഡ് സേഫ്റ്റി സയൻസ് പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് സെന്ററിന് വഴിതെളിയുകയായിരുന്നു. കുറുവ യു.പി സ്‌കൂൾ അദ്ധ്യാപികയായ പി.സി സുജാതയുടെ നിരന്തരമായ ഇടപെടലുകളും മുഖ്യമന്ത്രിയുമായുള്ള കത്തുവഴിയുള്ള ആശയവിനിമയവുമാണ് മാറ്റത്തിന് വഴിയൊരുക്കിയത്. തങ്ങളുടെ വസതിക്ക് തൊട്ടടുത്തുള്ള അഞ്ചേക്കറോളം വരുന്ന പൊലീസ് ഭൂമി കാലങ്ങളോളം ഉപേക്ഷിക്കപ്പെട്ടതിനെ തുടർന്ന് തെരുവ് നായ്ക്കളുടെയും കാട്ടുപന്നികളുടെയും ഇഴജന്തുക്കളുടെയും താവളമായി മാറിയിരുന്നു. പഞ്ചായത്തിലും പൊലീസ് സ്റ്റേഷനിലും പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്ന് സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കയോടെ ഫോട്ടോകളും വീഡിയോകളും സഹിതം അവർ മുഖ്യമന്ത്രിക്ക് കത്തെഴുതി. ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ഈ കത്തിനെക്കുറിച്ച് പരാമർശിച്ചപ്പോൾ, സദസ്സിൽനിന്ന് എഴിന്നേറ്റ് സുജാത മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്തു. ഒരു സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സ്ഥാപനം വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസസ് ജീവനക്കാരുടെ പ്രൊഫഷണൽ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം അഗ്നിസുരക്ഷ, ദുരന്തനിവാരണം എന്നീ മേഖലകളിൽ തൊഴിലധിഷ്ഠിതവും ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമായ വിദഗ്ദ്ധരെ വാർത്തെടുക്കുന്നതിന് ഈ കേന്ദ്രം വഴിയൊരുക്കും.
തുടക്കത്തിൽ നാല് കോഴ്സുകൾ കുസാറ്റിന്റെ അംഗീകാരത്തോടെ നാലു കോഴ്സുകളാണ് ഈ സെന്ററിൽ ആരംഭിക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് എം.എസ്‌സി ഫയർ ആൻഡ് സേഫ്റ്റി സയൻസ് കോഴ്സ് ആരംഭിക്കുന്നത്. ഇതിന് രാജ്യത്തും രാജ്യത്തിനുപുറത്തും വൻ തൊഴിൽ സാദ്ധ്യതയാണ് ഉള്ളത്. ഇതോടൊപ്പം രണ്ട് പി.ജി ഡിപ്ലോമ കോഴ്സുകളും ഒരു റിസർച്ച് സെന്ററും ഇവിടെയുണ്ടാകും.
അഞ്ചരക്കണ്ടി ബംഗ്ലാവ് മെട്ടയിൽ നാലര ഏക്കർ ഭൂമി
ആദ്യഘട്ടത്തിന് 20 കോടി രൂപയുടെ ഭരണാനുമതി
5 നിലകളിലായി 6,447 ചതുരശ്ര മീറ്ററിൽ അക്കാഡമിക് ബ്ലോക്ക്
18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ ലക്ഷ്യം
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ കെട്ടിടം റെസിഡൻഷ്യൽ ക്വാർട്ടേഴ്സുകൾ
ആധുനിക കാലത്തെ വെല്ലുവിളികൾ നേരിടാൻ പാകത്തിൽ അഗ്നിരക്ഷ സേനയെ പ്രാപ്തമാക്കുകയാണ് സർക്കാർ ലക്ഷ്യം. വെറും കായികക്ഷമതയ്ക്കപ്പുറം, സാങ്കേതിക വിദ്യയിലും ശാസ്ത്രീയ രക്ഷാമാർഗ്ഗങ്ങളിലും അറിവുള്ള ഒരു അഗ്നിശമന രക്ഷാസേനയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സമീപകാലത്ത് കേരളത്തിൽ ഉണ്ടായ വലിയ ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവെച്ച സേനയാണ് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്.
മുഖ്യമന്ത്രി പിണറായി വിജയൻ