ഷീ ടോയ്ലെറ്ര് ഔട്ട് കംപ്ലീറ്റ്‌ലി

Monday 05 January 2026 12:12 AM IST

 പ്രധാന സ്ഥലങ്ങളിലെ ഷീ ടോയ‌്‌‌ലെറ്റുകൾ പ്രവർത്തിക്കുന്നില്ല

തിരുവനന്തപുരം: നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ആശ്രയമായിരുന്ന ഷീ ടോയ്‌ലെറ്റുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങളായ വേളി ടൂറിസ്റ്റ് വില്ലേജ്,മ്യൂസിയം,പുത്തരിക്കണ്ടം മൈതാനം എന്നിവിടങ്ങളിൽ സ്ഥാപിച്ച ഷീ ടോയ്ലെറ്റുകളിൽ പലതും ഉപയോഗശൂന്യമായിട്ട് നാളുകളേറെയായി. സ്ത്രീകൾക്കും കുട്ടികൾക്കുമായി സജ്ജമാക്കിയ ടോയ്‌ലെറ്റുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.

ചിലയിടങ്ങളിലെ ടോയ്ലെറ്റുകൾ തുരുമ്പെടുത്ത് നശിച്ചനിലയിലാണ്. ആവശ്യമായ മേൽനോട്ടവും നിരീക്ഷണവുമില്ലാത്തതാണ് തകർച്ചയുടെ പ്രധാന കാരണം. സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷിൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയെങ്കിലും പിന്നീട് തകരാറിലായി. കോയിനിട്ടാലും നാപ്കിനുകൾ വരാത്ത സ്ഥിതിയുണ്ടായിരുന്നു. വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന ഇടങ്ങളിലെ ടോയ്ലെറ്റുകളിലും സമാന രീതിയിലുള്ള ബുദ്ധിമുട്ടുകളുണ്ട്. പല സ്ഥലങ്ങളിലും നാപ്കിനുകൾ നിക്ഷേപിക്കാനുള്ള സംവിധാനവുമില്ല.

ചില ടോയ്ലെറ്റുകളിൽ വാതിലുകൾ അടയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. ശുചിത്വമില്ലാത്തതിനാൽ ഉപയോഗിക്കാൻ മടിക്കുകയാണെന്നാണ് പലരുടെയും പരാതി. വെള്ളവും ഡ്രെയിനേജ് സംവിധാനവും മെച്ചപ്പെടുത്തണമെന്നും ആവശ്യമുണ്ട്.

ആവശ്യങ്ങൾ

 ഷീ–ടോയ്ലെറ്റുകൾ പ്രവർത്തന സജ്ജമാക്കുക

 ശുചീകരണം സ്ഥിരമായി നടത്തുക

 സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുക

 നാപ്കിൻ മെഷീൻ പ്രവർത്തനക്ഷമമാക്കുക

 സാനിറ്രറി നാപ്കിനുകൾക്കായി

ഡിജിറ്റൽ പേ സംവിധാനമൊരുക്കുക.

തലസ്ഥാനത്ത് ആകെ 26 ഷീ ടോയ്ലെറ്റുകൾ

ടോയ്ലെറ്റിന് ചെലവായത് 3.40 കോടി