അപകടക്കെണിയായി ബസുകളുടെ മത്സരയോട്ടം
ഉദിയൻകുളങ്ങര: ദേശീയ പാതയിൽ തമിഴ്നാട് ബസുകളുടെ മത്സരയോട്ടം അപകടങ്ങൾക്ക് കാരണമാകുന്നു.
നാഗർകോവിൽ -തിരുവനന്തപുരം റൂട്ടിൽ ഓടുന്ന തമിഴ്നാട് ആർ.ടി.സി ബസുകളാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. തമിഴ്നാട് ബസുകളും കെ.എസ്.ആർ.ടി.സി ബസുകളുമാണ് മത്സരയോട്ടം. ഓരോ ട്രിപ്പിലും ആളെണ്ണം കൂട്ടാൻവേണ്ടിയാണ് ട്രാൻസ്പോർട്ട് ബസുകളുടെ അമിത വേഗത.
മുന്നിൽ കാണുന്ന ഇരുചക്രവാഹനങ്ങളെ ആംബുലൻസ് ഹോണുകൾ മുഴക്കുന്നതുപോലെ ഭയപ്പെടുത്തിയാണ് ദേശീയപാതയിലൂടെ അപകടപരമായ നിയമലംഘനം. തമിഴ്നാട് ആർ.ടി.സിയിൽ വാഹനങ്ങളുടെ മെയിന്റൻസ് പണിയേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ഇന്ധന ചെലവിനാണ്. ഒരേ ഗിയറിൽ വാഹനം ഓടിക്കുമ്പോൾ വർഷത്തിൽ തമിഴ്നാട് ആർ.ടി.സിക്ക് ഏറെ ലാഭം ലഭിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരേ ഗീയറിൽ ഹെവി വാഹനങ്ങൾ ഓടിക്കുകയാണെങ്കിൽ ഒരു വർഷത്തിനകം തന്നെ ഗിയർബോക്സ് അടക്കമുള്ളവ കേടുപാടുകൾ സംഭവിച്ച് എൻജിൻ റിപ്പയറുകൾ വരും. ഇത് പണിചെയ്യുന്നതിനേക്കാൾ എട്ട് ഇരട്ടി ലാഭമാണ് ഇന്ധന ചെലവിലൂടെ തമിഴ്നാട് ട്രാൻസ്പോർട്ടിനുണ്ടാക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
അധികൃതരുടെ അലംഭാവം
ബസുകളുടെ അമിത സ്പീഡും റൂട്ട് പരിമിതി നിർണയിക്കുന്നതിന് തമിഴ്നാട് ട്രാൻസ്പോർട്ട് തന്നെ കേരളത്തിൽ
ചെക്കിംഗ് ഇൻസ്പെക്ടർമാരെ പ്രത്യേക വാഹനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പരിശോധനകൾ തമിഴ്നാട് ഭാഗത്ത് നിന്ന് മാത്രമാണ്. കേരള ആർ.ടി.സിയുടെയും ചെക്കിംഗ് ഇൻസ്പെക്ടർമാരുടെയും പരിശോധനകൾ പേരിന് മാത്രമാണെന്നാണ് ആക്ഷേപം.
നിയമങ്ങൾ കാറ്റിൽ പറത്തി
1. ഓരോ ബസ്റ്റോപ്പുകളിലും ബസ്സുകൾ നിറുത്തി ഡോറുകൾ കൃത്യമായ രീതിയിൽ അടച്ച ശേഷമെ വാഹനം സർവീസ് നടത്താവൂ എന്നാണ് നിയമം. എന്നാൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള സർവീസുകളിൽ ഇതൊന്നും കാണാറില്ല.
2. രാത്രികാലങ്ങളിൽ സ്ത്രീകളെ അതത് സ്റ്റോപ്പുകളിൽ നിർത്തി അവരുടെ സുരക്ഷ മുൻനിർത്തി സർവീസുകൾ നടത്തണമെന്ന നിർദ്ദേശം
തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾ പാലിക്കുന്നില്ല
3. വലിയ ശബ്ദത്തിൽ ഹോൺ മുഴക്കിയുള്ള ബസുകളുടെ വരവിൽ പേടിച്ച് ഇരുചക്രവാഹനങ്ങൾ അപകടങ്ങളിൽപ്പെടുന്നത് നിത്യസംഭവമാണ്. കേരള-തമിഴ്നാട് അതിർത്തിയിൽ കർശനമായ പരിശോധനകൾ നടത്തണം.