അമേരിക്കയെ വിറപ്പിക്കാന്‍ തീരുമാനം; 900 കിലോമീറ്റര്‍ ദൂരത്തില്‍ മിസൈല്‍ പരീക്ഷണം

Sunday 04 January 2026 8:30 PM IST

പ്യോംഗ്‌യാംഗ്: വെനസ്വേലയില്‍ അമേരിക്ക നടത്തിയ നീക്കത്തിന് പിന്നാലെ ശക്തി പ്രകടനം നടത്തി ഉത്തര കൊറിയ. ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചാണ് ഉത്തര കൊറിയയുടെ ശക്തിപ്രകടനം. 900 കിലോമീറ്റര്‍ സഞ്ചരിച്ച് സമുദ്രഭാഗത്താണ് മിസൈലുകള്‍ പതിച്ചത്. കൊറിയന്‍ ഉപദ്വീപിനും ജാപ്പനീസ് തീരത്തിനും മദ്ധ്യേയുളള സമുദ്രഭാഗത്താണ് ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചത്. വെനസ്വേലയുടെ സഖ്യകക്ഷിയാണ് ഉത്തരകൊറിയയെന്നതാണ് മിസൈല്‍ പരീക്ഷണത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്.

അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഏതൊരു ഭരണമാറ്റ നീക്കത്തെയും ആണവായുധങ്ങള്‍ ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന ശക്തമായ സന്ദേശമാണ് മിസൈല്‍ വിക്ഷേപണത്തിലൂടെ ഉത്തര കൊറിയ നല്‍കുന്നത്. വെനസ്വേലയിലെ സൈനിക ഇടപെടല്‍ തങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ഉത്തര കൊറിയന്‍ ഭരണകൂടം വിലയിരുത്തുന്നത്. കിം ജോംഗ് ഉന്‍ വെനസ്വേലയിലെ അമേരിക്കന്‍ നടപടിയില്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെനസ്വേലയിലെ അമേരിക്കന്‍ ഇടപെടല്‍ രാജ്യാന്തര നിയമങ്ങളുടെ കര്‍ശനമായ ലംഘനമാണെന്നാണ് ഉത്തര കൊറിയയുടെ അഭിപ്രായം. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം അറസ്റ്റ് ചെയ്തത് ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള ഏറ്റവും ഗുരുതരമായ ലംഘനമാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയുടെ ക്രൂരവും കിരാതവുമായ സ്വാഭാവമാണ് ഒരിക്കല്‍ കൂടി വെളിപ്പെട്ടിരിക്കുന്നതെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.