പാപനാശത്ത് രണ്ട് ഓട്ടോതൊഴിലാളികൾക്ക് കുത്തേറ്റു    

Monday 05 January 2026 12:30 AM IST

വർക്കല: പാപനാശത്ത് രണ്ട് ഓട്ടോ തൊഴിലാളികൾക്ക് കുത്തേറ്റു. ആൽത്തറ മൂട് ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്ന സന്ദീപ്,സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്. യു.കെയിൽ താമസക്കാരനായ വക്കം സ്വദേശി സുരേഷ്(48) ആണ് ഓട്ടോ തൊഴിലാളികളെ കുത്തിയത്. ഇന്നലെ വൈകിട്ട് 3.30ഓടെയാണ് സംഭവം. ഓട്ടോയിൽ വന്നിറങ്ങിയ പ്രതി ജംഗ്ഷനിലെ ഓട്ടോസ്റ്റാൻഡിലെത്തി സന്ദീപുമായി വാക്കേറ്റം ഉണ്ടാവുകയും വഴക്കിടുകയും മർദ്ദിക്കുകയും ചെയ്തു. കയ്യിൽ കരുതിയിരുന്ന ചെറിയ കത്തികൊണ്ട് സന്ദീപിനെ വയറിൽ കുത്തിയതോടെ സ്റ്റാൻഡിലുണ്ടായിരുന്ന ഓട്ടോ തൊഴിലാളിയായ സുരേഷ് പിടിച്ചു മാറ്റാൻ ശ്രമിച്ചു. ഇതിനിടയിൽ സുരേഷിന്റെ നെഞ്ചിലും കുത്തേറ്റു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വർക്കല പൊലീസും ടൂറിസം പൊലീസും സ്ഥലത്തെത്തി മദ്യലഹരിയിൽ ആയിരുന്ന പ്രതിയെ കീഴടക്കി. ഓട്ടോ തൊഴിലാളികളുടെ പരിക്ക് ഗുരുതരമല്ല. ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു ചികിത്സ നൽകി. സംഭവത്തിൽ ഓട്ടോ തൊഴിലാളികളുടെ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് വർക്കല പൊലീസ് അറിയിച്ചു.